ആൾദൈവം ആശാറാമിന്റെ മുൻ സഹായി കൊല്ലപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ
Saturday, January 11, 2025 2:17 AM IST
രാജ്കോട്ട്: ആൾദൈവം ആശാറാമിന്റെ മുൻ സഹായി അമൃത് പ്രജാപതി കൊല്ലപ്പെട്ട കേസിൽ ഒരാൾ കർണാടകയിൽ പിടിയിലായി.
പത്തു വർഷമായി ഒളിവിൽ കഴിഞ്ഞ കിഷോർ ബോദ്കെയെയാണ് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കലാബുറാഗി പട്ടണത്തിലെ ഒരു ആശ്രമത്തിൽ സേവക് ആയി കഴിയുകയായിരുന്നു മഹാരാഷ്ട്ര സ്വദേശിയായ കിഷോർ.
ആശാറാമിനെതിരേയുള്ള ബലാത്സംഗക്കേസിൽ സാക്ഷിയായിരുന്നു ആയുർവേദ ഡോക്ടർകൂടിയായ അമൃത് പ്രജാപതി. 2014 ജൂണിൽ രാജ്കോട്ടിലെ ഡിസ്പെൻസറിയിൽവച്ചാണ് പ്രജാപതി കൊല്ലപ്പെട്ടത്. ആശാറാമിന്റെ ദുഷ്പ്രവൃത്തികളെ പ്രജാപതി ചോദ്യംചെയ്തിരുന്നു.
2013ൽ അഹമ്മദാബാദിൽ ഇരട്ട സഹോദരിമാരെ ആശാറാം ബലാത്സംഗം ചെയ്ത കേസിൽ പ്രജാപതി സാക്ഷിയായിരുന്നു. ഇദ്ദേഹത്തെ കൊലപ്പെടുത്തി കേസ് ദുർബലമാക്കാനാണ് അക്രമികൾ ശ്രമിച്ചത്.
11 അംഗ സംഘമാണ് കൊലപാതകത്തിനു ഗൂഢാലോചന നടത്തിയത്. ഈ സംഘത്തിൽപ്പെട്ടയാളാണ് കിഷോർ. ബലാത്സംഗ കേസിൽ രാജസ്ഥാനിലെ ജോധ്പുർ ജയിലിലാണ് ആശാറാം(86) പ്രജാപതിയെ വെടിവച്ച കാർത്തിക് ഹൽദാർ അടക്കം മൂന്നു പേരെ പോലീസ് പിടികൂടിയിരുന്നു. കിഷോർ അടക്കം എട്ടു പേർ ഒളിവിലായിരുന്നു.