എം.എം. ലോറൻസിന്റെ മൃതദേഹാവകാശം; മകൾ സുപ്രീംകോടതിയിൽ
Saturday, January 11, 2025 2:17 AM IST
ന്യൂഡൽഹി: അന്തരിച്ച സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനു കൈമാറാനായുള്ള ഹൈക്കോടതി ഉത്തരവിനെതിരേ മകൾ ആശ ലോറൻസ് സുപ്രീംകോടതിയെ സമീപിച്ചു.
ലോറൻസിന്റെ മകൻ അഡ്വ. എം.എൽ. സജീവ്, സിപിഎം എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹർജി. മെഡിക്കൽ പഠനത്തിന് മൃതദേഹം കൈമാറുക എന്നത് രാഷ്ട്രീയ തീരുമാനമാണെന്നാണ് ആശ ഹർജിയിൽ ആരോപിക്കുന്നത്. മതപരമായ ആചാരങ്ങളോടെ മൃതദേഹം അടക്കം ചെയ്യണമെന്നാണ് ആശയുടെ ആവശ്യം.
2024 സെപ്റ്റബറിലാണ് എം.എം. ലോറൻസ് അന്തരിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം എന്നു പറഞ്ഞ് മൃതദേഹം പഠനത്തിനായി മെഡിക്കൽ കോളജിന് കൈമാറാൻ മകൻ സജീവ് തീരുമാനിക്കുകയായിരുന്നു. എന്നാൽ, എതിർപ്പുമായി മകൾ ആശ രംഗത്തു വന്നതോടെ കേസ് ഹൈക്കോടതിയിലെത്തി. മതാചാരപ്രകാരം പള്ളി സെമിത്തേരിയിൽ സംസ്കരിക്കണമെന്നായിരുന്നു ആശയുടെ ആവശ്യം. വിഷയത്തിൽ അന്തിമതീരുമാനമെടുക്കാൻ കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തു.
ഇതേത്തുടർന്ന്, മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറുന്നത് താൽകാലികമായി തടഞ്ഞ ഹൈക്കോടതി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റാൻ നിർദേശിച്ചു.