പഞ്ചാബിൽ ആപ് എംഎൽഎ വെടിയേറ്റു മരിച്ചു
Sunday, January 12, 2025 1:47 AM IST
ലുധിയാന: ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും ലുധിയാന വെസ്റ്റ് എംഎല്‍എയുമായ ഗുര്‍പ്രീത് ഗോഗി ബസ്സി വെടിയേറ്റു മരിച്ചു. ലൈസന്‍സ് ഉള്ള സ്വന്തം പിസ്റ്റളില്‍നിന്നുള്ള വെടിയേറ്റാണു മരണമെന്ന് പോലീസ് പറയുന്നു. ഗോഗിയുടെ നെറ്റിയിലാണു വെടിയേറ്റത്.
ഉടന്‍ സമീപത്തെ ദയാനന്ദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രി 11.30ഓടെ എംഎൽഎയ്ക്ക് അബദ്ധത്തില്‍ വെടിയേൽക്കുകയായിരുന്നു.
കോൺഗ്രസിൽനിന്ന് 2022ല്‍ എഎപിയില്‍ ചേര്‍ന്ന ഗോഗി രണ്ടു തവണ എംഎല്‍എയായ ഭരത് ഭൂഷണ് ആഷുവിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തിയത്. രണ്ടു ദിവസം മുന്‍പ് ക്ഷേത്രത്തില്‍നിന്ന് വെള്ളി മോഷ്ടിച്ച സംഘത്തിനെതിരേ നടപടിയെടുക്കുമെന്ന് ഭക്തര്‍ക്ക് ഉറപ്പു നല്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഇതിനു പിന്നാലെയാണ് ഗോഗി വെടിയേറ്റു മരിച്ചുവെന്ന വാര്‍ത്ത പുറംലോകം അറിയുന്നത്.
സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും പോലീസ് അറിയിച്ചു.