വ്യാജ വോട്ടർമാർ: കേജരിവാളിന്റെ ആരോപണത്തിനെതിരേ ബിജെപി പ്രതിഷേധം
Saturday, January 11, 2025 2:17 AM IST
ന്യൂഡൽഹി: വ്യാജ വോട്ടർമാരെ ബിജെപി ഡൽഹിയിലേക്കെത്തിക്കുന്നുവെന്ന മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ആരോപണത്തിൽ പ്രതിഷേധിച്ച് ബിജെപി. കേജരിവാളിന്റെ വീടിന് മുന്നിലായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം.
ബിജെപിയുടെ നേതൃത്വത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തർപ്രദേശിൽനിന്നും ബിഹാറിൽനിന്നുമുള്ളവരെ വോട്ടർപട്ടികയിൽ തിരുകിക്കയറ്റുന്നു എന്നായിരുന്നു കേജരിവാളിന്റെ പരാമർശം. കേജരിവാൾ പൂർവാഞ്ചൽ വിരോധിയാണെന്ന് മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് പ്രതിഷേധക്കാർ കേജരിവാളിന്റെ വസതിയിലേക്കു നീങ്ങാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ഇരുപതിലധികം പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കേജരിവാൾ എല്ലായ്പോഴും പൂർവാഞ്ചലി സമുദായത്തിൽനിന്നുള്ളവരെ അപമാനിക്കുകയാണെന്ന് ബിജെപി എംപി മനോജ് തിവാരി ആരോപിച്ചു.
13,000 പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള അപേക്ഷകളിൽ ആശങ്ക പ്രകടിപ്പിച്ച് കേജരിവാൾ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയിരുന്നു.