കഷണ്ടി പടരുന്നു; മരുന്നു തേടി ഗ്രാമവാസികൾ
Friday, January 10, 2025 1:09 AM IST
ബുൽധാന: ഗ്രാമത്തിലെ ആളുകൾ ഒരു ദിവസം പൊടുന്നനെ കഷണ്ടിയായി മാറുക. ഏതെങ്കിലും സാഹിത്യരചനയിലെ സാങ്കൽപ്പിക ലോകത്തല്ല സംഭവം.
മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ മൂന്നു ഗ്രാമങ്ങളിലാണ് ഈ അസാധാരണ സംഭവം അരങ്ങേറിയിരിക്കുന്നത്. നിരവധി പേരുടെ മുടി ഒറ്റയാഴ്ചകൊണ്ടാണു കൊഴിഞ്ഞത്.
ഇതോടെ ഗ്രാമവാസികൾ ആശങ്കയിലായി. മുടി കൊഴിഞ്ഞുതുടങ്ങിയാല്‍ ഒറ്റയാഴ്ചകൊണ്ട് കഷണ്ടിയാകും. ആശങ്കയിലായ ജനങ്ങള്‍ അധികൃതരെ സമീപിച്ചതോടെയാണു വിവരം പുറംലോകം അറിഞ്ഞത്.
പിന്നാലെ ആരോഗ്യവകുപ്പ് അധികൃതര്‍ ഗ്രാമത്തിലെ ജലസ്രോതസുകളിൽ പരിശോധന ആരംഭിച്ചു. മുടികൊഴിച്ചിലുണ്ടായ ആളുകൾക്കു ചികിത്സ ആരംഭിച്ചതായി ഷെഗാവ് ഹെൽത്ത് ഓഫീസർ ഡോ. ദീപാലി ബഹേക്കർ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആരോഗ്യവിഭാഗം നടത്തിയ സർവേയിൽ ഷെഗാവ് താലൂക്കിലെ കൽവാഡ്, ബോണ്ട്ഗാവ്, ഹിൻഗ്ന ഗ്രാമങ്ങളിലെ 30 ഓളം പേർക്ക് മുടികൊഴിച്ചിൽ പ്രശ്നവും കഷണ്ടിയും കണ്ടെത്തി.