കേരള ഹൗസ് അതിക്രമ കേസ്: പ്രതികളെ വെറുതെവിട്ടു
Friday, January 10, 2025 2:10 AM IST
ന്യൂഡൽഹി: കേരള ഹൗസ് അതിക്രമ കേസിൽ വി.ശിവദാസൻ എംപി ഉൾപ്പെടെയുള്ള പത്തു പ്രതികളെ ഡൽഹി റൗസ് അവന്യു കോടതി വെറുതെവിട്ടു.
2013ൽ സോളാർ സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിനായിരുന്നു കേസ്. കേസിൽ ഇനിയും തിരിച്ചറിയാത്ത 14 പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
പ്രതി ചേർത്ത പത്തുപേരാണ് അതിക്രമം നടത്തിയതെന്ന് തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. സോളാർ കേസുമായി ബന്ധപ്പെട്ട് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ കോലം കേരള ഹൗസിന്റെ കാർ പോർച്ചിൽ കത്തിച്ചു. ഇത് കേരള ഹൗസ് കത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കേസെടുത്തത്.
കേരള ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉള്പ്പെ ടെയുള്ള സാക്ഷികൾ കോടതി മുൻപാകെ ഹാജരായിരുന്നു. എന്നാൽ സംഭവം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞതിനാൽ പ്രതികൾ ഇവരാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന മൊഴിയാണ് സിൻഹ നൽകിയത്. സംഭവം നടക്കുന്പോൾ കേരള ഹൌസ് അഡീഷണൽ റെസിഡന്റ് കമ്മീഷണറായിരുന്നു ബിശ്വനാഥ് സിൻഹ.