കേക്കില്‍ ചേര്‍ക്കേണ്ട എസന്‍സ് അമിത അളവില്‍ കുടിച്ചു; മൈസൂരു ജയിലില്‍ മൂന്നു തടവുകാര്‍ മരിച്ചു
Friday, January 10, 2025 1:09 AM IST
മൈസൂരു: കര്‍ണാടകയിലെ മൈസൂരു ജയിലില്‍ കേക്കില്‍ ചേര്‍ക്കേണ്ട എസന്‍സ് അമിത അളവില്‍ കുടിച്ച മൂന്നു തടവുകാര്‍ മരിച്ചു. ജയിലിലെ ബേക്കറി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മദേഷ്, നാഗ് രാജ്, രമേശ് എന്നിവരാണു മരിച്ചത്.
ലഹരിക്കുവേണ്ടിയാണ് ഇവര്‍ എസന്‍സ് കുടിച്ചത്. പുതുവത്സരത്തോടനുബന്ധിച്ച് കേക്ക് ഉണ്ടാക്കാനാണ് എസന്‍സ് വാങ്ങിയത്. കടുത്ത വയറുവേദന അനുഭവപ്പെട്ട മൂന്നു തടവുകാര്‍ക്കും ജയില്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സമീപത്തുള്ള മൈസൂര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് സെന്ററിൽ ഇവരെ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെത്തിച്ചപ്പോഴാണ് എസന്‍സ് കുടിച്ച കാര്യം വ്യക്തമായത്. മാദേഷ് ചൊവ്വാഴ്ച രാത്രിയും നാഗ് രാജ്, രമേശ് എന്നിവര്‍ ബുധനാഴ്ചയും മരിച്ചു.