ഭീമ കൊറേഗാവ് കേസ് റോണ വിൽസണും സുധീർ ധാവ്ലയ്ക്കും ജാമ്യം
Thursday, January 9, 2025 2:34 AM IST
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള എൽഗാർ പരിഷത് കേസിൽ 2018 മുതൽ വിചാരണത്തടവുകാരായി ജയിലിൽതുടരുന്ന മലയാളി ഗവേഷകൻ റോണ വിൽസൺ, സാമൂഹ്യപ്രവർത്തകൻ സുധീർ ധാവ്ലെ എന്നിവർക്കു ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഇരുവരും ആറുവർഷത്തിലേറെ ജയിലിൽ കഴിഞ്ഞതായി ജസ്റ്റീസ് എ.എസ്. ഗഡ്കരിയും ജസ്റ്റിസ് കമൽ ഖാത്തയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. 2018 മുതൽ രണ്ടുപേരും ജയിലിലാണ്. ഇരുവർക്കുമെതിരേ കുറ്റം ചുമത്തിയിട്ടുപോലുമില്ല.
മുന്നൂറോളം ദൃക്സാക്ഷികൾ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ പറഞ്ഞത്. ഈ സാഹചര്യത്തിൽ വിചാരണ സമീപകാലത്ത് അവസാനിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസിൽ ഇവർക്കു പുറമേ മറ്റ് പതിനാല് പേരും അറസ്റ്റിലായിരുന്നു. ഇതിൽ കവി വരവര റാവു, സുധ ഭരദ്വാജ്, ആനന്ദ് തെൽതുംബ്ഡെ, വെർനൺ ഗോൺസാൽവസ്, അരുൺ ഫെരേര, ഷോമ സെൻ, ഗൗതം നവ്ലാഖ, മഹേഷ് റൗത്ത് എന്നിവർക്ക് ജാമ്യം നൽകിയിരുന്നു. റൗത്തിന്റെ ജാമ്യത്തിനെതിരേ അന്വേഷണ ഏജൻസിയായ എൻഐഎ സുപ്രീംകോടതിയെ സമീപിച്ചതിനാൽ പുറത്തിറങ്ങിയിട്ടില്ല.
എന്നാൽ എൽഎൽബി പരീക്ഷയെഴുതുന്നതിന് പ്രത്യേക എൻഐഎ കോടതി ഇന്നലെ അദ്ദേഹത്തിനു 18 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. കേസിൽ അറസ്റ്റിലായ ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമി 2021 ൽ ജയിലിൽവച്ച് അന്തരിച്ചിരുന്നു.
2018 ല്‍ ഭീമാ കൊറെഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചാണ് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെയടക്കം അറസ്റ്റ് ചെയ്തത്.
സമ്മേളനത്തിനു പിന്നില്‍ മാവോയിസ്റ്റ് പ്രവർത്തകരാണെന്നാണ് പോലീസ് ഭാഷ്യം. മാവോയിസ്റ്റുകളുടെ പിന്തുണയോടെയാണ് സമ്മേളനം നടത്തിയതെന്നായിരുന്നു പൂനെ പോലീസിന്റെ ആരോപണം. കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.