മാതാപിതാക്കളിൽനിന്ന് വിദ്യാഭ്യാസച്ചെലവ് നേടാൻ മകൾക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി
Friday, January 10, 2025 1:09 AM IST
ന്യൂഡൽഹി: മാതാപിതാക്കളിൽനിന്ന് വിദ്യാഭ്യാസച്ചെലവു നേടാൻ മകൾക്ക് അനിഷേധ്യവും നിയമാനുസൃതവുമായ അവകാശമുണ്ടെന്ന് സുപ്രീംകോടതി. പഠനത്തിനാവശ്യമായ പണം അവരുടെ പരിധിക്കുള്ളിൽനിന്നുകൊണ്ട് നൽകാൻ മാതാപിതാക്കൾ നിർബന്ധിതരാണെന്നും സുപ്രീംകോടതി പറഞ്ഞു.
വേർപിരിഞ്ഞ ദന്പതിമാരുടെ, അയർലൻഡിൽ പഠിക്കുന്ന മകൾ പഠനത്തിനായി പിതാവ് നൽകിയ 43 ലക്ഷം രൂപ സ്വീകരിക്കാൻ വിസമ്മതിച്ച തർക്കത്തിലാണ് ജസ്റ്റീസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം.
അഭിമാനപ്രശ്നത്തിൽ മകൾ തുക കൈപ്പറ്റാൻ വിസമ്മതിക്കുകയും തിരികെ വാങ്ങാൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും പിതാവ് വിസമ്മതിക്കുകയായിരുന്നു. മകൾക്ക് ആ തുകയ്ക്കു നിയമപരമായി അർഹതയുണ്ടെന്നും കോടതി പറഞ്ഞു.
നിർബന്ധിക്കപ്പെടാതെ തന്നെ പിതാവ് പണം നൽകുകയായിരുന്നു. മകളുടെ അക്കാദമിക് കാര്യങ്ങൾക്കായി സാന്പത്തിക സഹായം നൽകാൻ തനിക്ക് സാന്പത്തികമായി ശേഷിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
വിവാഹബന്ധം വേർപെടുത്തിയപ്പോൾ 73 ലക്ഷം രൂപ നൽകാമെന്ന് ഭർത്താവ് സമ്മതിച്ചിരുന്നു. അതിൽ 43 ലക്ഷം മകളുടെ പഠനത്തിന് വേണ്ടിയുള്ളതാണെന്ന് വ്യക്തമാക്കിയിരുന്നു.