നേതൃത്വവും അജൻഡയും സംബന്ധിച്ച് വ്യക്തതയില്ലെങ്കിൽ ‘ഇന്ത്യ’ സഖ്യം പിരിച്ചുവിടണമെന്ന് ഒമർ അബ്ദുള്ള
Friday, January 10, 2025 1:09 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടി രൂപം നൽകിയതാണെങ്കിൽ നേതൃത്വത്തെക്കുറിച്ചോ അജൻഡയെക്കുറിച്ചോ വ്യക്തതയില്ലാത്ത പ്രതിപക്ഷ ‘ഇന്ത്യ സഖ്യം’ പിരിച്ചുവിടണമെന്ന് ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള.
ഡൽഹിയിൽ ബിജെപിക്കെതിരേ എഎപിയും കോണ്‍ഗ്രസും പരസ്പരം പോരടിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു നാഷണൽ കോണ്‍ഫറൻസ് നേതാവ്.
ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തിനായി 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ രൂപീകരിച്ച സഖ്യമാണ് ‘ഇന്ത്യ’യെന്ന ആർജെഡി നേതാവ് തേജസ്വി യാദവിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽകൂടിയായിരുന്നു ഒമറിന്റെ പരാമർശം.
അതേസമയം, ജനാധിപത്യത്തിൽ പ്രതിപക്ഷ സഖ്യം അതിപ്രധാനമാണെന്നും രാജ്യത്തെ ശക്തിപ്പെടുത്താനും നമ്മുടെ രാജ്യത്തുനിന്ന് വിദ്വേഷം ഇല്ലായ്മ ചെയ്യാനുമാണ് സഖ്യം നിലനിൽക്കുന്നതെന്നും ജമ്മുകാഷ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോണ്‍ഫറൻസ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ള ചൂണ്ടിക്കാട്ടി. കേവലം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മാത്രമുള്ളതല്ല സഖ്യമെന്നും അതിനു വിശാലമായ കാഴ്ചപ്പാടുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസും രാഹുൽ ഗാന്ധിയും ‘ഇന്ത്യ’ സഖ്യം നയിക്കുന്നതിനെതിരേ സഖ്യകക്ഷികൾ നേരത്തെ നേരിട്ടും പരോക്ഷമായും വിമർശനം ഉയർത്തിരുന്നു. അവസരം ലഭിച്ചാൽ പ്രതിപക്ഷ സഖ്യത്തെ നയിക്കാൻ തയാറാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കുകയുമുണ്ടായി.