ഡൽഹി വോട്ടർമാർക്കു മുന്നില് സൗജന്യപ്പെരുമഴ
Friday, January 10, 2025 2:10 AM IST
ന്യൂഡൽഹി: ഡൽഹി നിവാസികൾക്കു സൗജന്യങ്ങളുടെ ഘോഷയാത്രയുമായി എഎപിയും ബിജെപിയും കോണ്ഗ്രസും.
പാവങ്ങൾക്ക് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 20 കിലോലിറ്റർ വരെ സൗജന്യ വെള്ളം, വനിതകൾക്ക് പ്രതിമാസം 2,500 രൂപ വീതം, സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും സൗജന്യ ബസ് യാത്ര, 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷ്വറൻസ്, ആരാധനാലയങ്ങൾക്ക് 500 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി തുടങ്ങിയ വൻ വാഗ്ദാനങ്ങളാണ് ത്രികോണ മൽസരത്തിൽ മൂന്നു പ്രധാന പാർട്ടികളും വോട്ടർമാർക്കായി ഒരുക്കുന്നത്.
മഹാരാഷ്ട്രയിലും മധ്യപ്രദേശിലും സ്ത്രീവോട്ടർമാരെ ആകർഷിച്ച ‘ലാഡ്ലി ബഹ്ന’ പദ്ധതിക്ക് സമാനമായി മാസംതോറും സ്ത്രീകൾക്ക് 2,500 രൂപ വീതം നൽകാമെന്ന പ്രഖ്യാപനത്തിന് ബിജെപി ഒരുങ്ങുന്നു.
സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ സൗജന്യമായി നൽകുന്ന ‘പ്യാരി ദീദി യോജന’ കോണ്ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് പ്രതിമാസം 2,100 രൂപ വീതം മഹിളാ സമ്മാൻ യോജനയ്ക്കു കീഴിൽ നൽകുമെന്ന് എഎപി മുഖ്യമന്ത്രി അതിഷി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. നേരത്തേ പ്രതിമാസം നൽകിവന്നിരുന്ന 1,000 രൂപയുടെ സൗജന്യമാണ് വർധിപ്പിച്ചത്.
ഡൽഹി നിവാസികൾക്ക് 200 യൂണിറ്റ് വൈദ്യുതിയും വെള്ളവും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയും നടപ്പിലാക്കിയതിലൂടെയാണ് എഎപി സർക്കാർ വലിയ ജനപിന്തുണ നേടിയത്.
ഇതിനെ മറികടക്കാനാണ് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സൗജന്യ പൈപ്പ് വെള്ളം എന്നിവ ബിജെപി വാഗ്ദാനം ചെയ്യുക. ഇതോടൊപ്പം ആരാധനാലയങ്ങൾക്ക് 500 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകാനും ബിജെപി പദ്ധതിയിടുന്നുണ്ട്.
അറുപതു വയസ്സിനു മുകളിലുള്ളവർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നൽകുന്ന ‘സഞ്ജീവനി യോജന’ പദ്ധതി ആം ആദ്മി പാർട്ടിയുടേതാണ്. മുതിർന്ന പൗരന്മാർക്കായി 25 ലക്ഷം രൂപയുടെ വൻ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കോണ്ഗ്രസ് വകയും.
എഎപിക്കു പിന്തുണ നൽകുന്ന ഡൽഹിയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് 15 ലക്ഷം രൂപയുടെ ലൈഫ്, അപകട ഇൻഷ്വറൻസ്, അവരുടെ പെണ്മക്കളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ ധനസഹായം, വർഷത്തിൽ രണ്ടുതവണ യൂണിഫോം അലവൻസായി 2,500 രൂപ എന്നിവയും കേജരിവാൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.