കേജരിവാളിനു പിന്നാലെ വോട്ടർപട്ടിക വിവാദം ഉയർത്തി സഞ്ജയ് സിംഗും
Sunday, January 12, 2025 1:47 AM IST
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉന്നയിച്ച വോട്ടർപട്ടിക വിവാദം ആവർത്തിച്ച് ആം ആദ്മി എംപി സഞ്ജയ് സിംഗ്.
ബിജെപി നേതാക്കളുടെ മേൽവിലാസം ഉപയോഗിച്ച് വൻതോതിൽ വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള നീക്കം നടക്കുന്നതായി അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു.
വ്യാജ രജിസ്ട്രേഷനിലൂടെ ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനെ കബളിപ്പിക്കുകയാണ്. ഡസൻകണക്കിന് പുതിയ അപേക്ഷകളാണ് ഇത്തവണ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഫയൽ ചെയ്തിരിക്കുന്നത്.
ബിജെപിക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടർമാർക്ക് പണം നൽകുന്നതായും അദ്ദേഹം ആരോപിച്ചു. സമാന ആരോപണവുമായി കേജരിവാളും നേരത്തേ രംഗത്തു വന്നിരുന്നു.
അതേസമയം, ആം ആദ്മി തങ്ങളുടെ നിരാശ പ്രകടിപ്പിക്കാനാണ് ഇത്തരം ആരോപണവുമായി രംഗത്തു വന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ദേവ പറഞ്ഞു.