ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്; വിമാന, ട്രെയിൻ സർവീസുകൾ വൈകുന്നു
Sunday, January 12, 2025 1:47 AM IST
ന്യൂഡൽഹി: ഡൽഹിയിൽ ദൃശ്യപരത കുറഞ്ഞതോടെ വിമാന, ട്രെയിൻ സർവീസുകൾ മണിക്കൂറുകൾ വൈകുന്നു. ഇന്നലെ വൈകുന്നേരംവരെ മൂടൽമഞ്ഞ് കാരണം 45 ട്രെയിനുകളാണു വൈകിയത്.
പല ട്രെയിനുകളും ഏഴുമുതൽ എട്ടുമണിക്കൂർ വൈകിയാണ് ഓടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നതും തിരികെയുമുള്ള വിമാനങ്ങളുടെ സർവീസുകളും തടസപ്പെട്ടിട്ടുണ്ട്. ഡൽഹിയുടെ പല ഭാഗങ്ങളിലും മൂടൽമഞ്ഞിനു പുറമെ നേരിയ മഴയുണ്ട്. ഇതോടെ ഡൽഹിയിൽ ചിലയിടങ്ങളിൽ താപനില എട്ടു ഡിഗ്രി സെൽഷസിൽ താഴെ രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം ഡൽഹി, ഗാസിയാബാദ്, നോയിഡ തുടങ്ങിയ ഇടങ്ങളിലെ ദൃശ്യപരത പൂജ്യമായി കുറഞ്ഞു. ഇതോടെ നൂറിലധികം വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും വൈകുകയും ചെയ്തു.
നിരവധി ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും മാറ്റമുണ്ടായിട്ടുണ്ട്. വരുംദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതര ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. മൂടൽ മഞ്ഞിനെത്തുടർന്ന് ഹിമാചൽപ്രദേശിലെ പല ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.