ഷാഹി മസ്ജിദിലെ കിണർ: തത്സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി
Saturday, January 11, 2025 2:17 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭലിൽ തർക്കത്തിലിരിക്കുന്ന ഷാഹി മസ്ജിദിനു സമീപത്തെ പുരാതന കിണറിനടുത്ത് പൂജയോ മറ്റ് പ്രവർത്തനങ്ങളോ നടത്തുന്നതിന് സുപ്രീം കോടതി സ്റ്റേ.
പ്രദേശത്ത് തത്സ്ഥിതി തുടരാനും സംഭലിൽ ഐക്യം നിലനിർത്താനും ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് രണ്ടാഴ്ചയ്ക്കുള്ളിൽ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. നേരത്തെ മസ്ജിദിൽ സർവേ നടത്തുന്നതുമായി ബന്ധപ്പെട്ട സിവിൽ കോടതി ഉത്തരവും സുപ്രീംകോടതി തടഞ്ഞിരുന്നു.
"പഴയ ക്ഷേത്രങ്ങളുടെയും കിണറുകളുടെയും പുനരുജ്ജീവനം’ എന്ന പദ്ധതി പ്രഖ്യാപിച്ച സംഭൽ പ്രാദേശിക ഭരണകൂടം മസ്ജിദിനു സമീപത്തെ കിണർ ഉപയോഗത്തിനും പൊതുപ്രവേശനത്തിനും പ്രചാരണം നൽകുകയാണെന്ന് ചൂണ്ടിക്കാട്ടി പള്ളിക്കമ്മിറ്റി നൽകിയ പുതിയ അപേക്ഷയിലാണ് സുപ്രീംകോടതി നടപടി.
പ്രാദേശിക ഭരണകൂടം പദ്ധതിയുടെ പോസ്റ്റർ മസ്ജിദിന്റെ പ്രവേശനകവാടത്തിലും പള്ളിവളപ്പിലും പതിച്ചിട്ടുണ്ട്. ഇതിൽ പള്ളിയെ ക്ഷേത്രമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അപേക്ഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി.
മസ്ജിദിന്റെ പ്രവേശനകവാടത്തിലും ഭാഗികമായി അതിനുള്ളിലും സ്ഥിതി ചെയ്യുന്ന കിണർ ഹിന്ദുക്കളുടെ ഉപയോഗത്തിനായി തുറക്കാൻ കഴിയില്ലെന്നും കമ്മിറ്റി കോടതിയിൽ വ്യക്തമാക്കി.
ഇത്തരത്തിൽ കിണർ പൊതു ആവശ്യങ്ങൾക്കു കൊടുത്താൽ പ്രദേശത്ത് സമാധാനപ്രശ്നങ്ങൾ ഉണ്ടാകുമെന്നും മസ്ജിദ് കമ്മിറ്റി കോടതിയിൽ പറഞ്ഞു. പ്രാദേശിക ഭരണകൂടം നൽകിയ നോട്ടീസ് പ്രാബല്യത്തിൽ വരുത്തരുതെന്ന് കോടതി നിർദേശിച്ചു.
പ്രദേശത്ത് സമാധാനവും സൗഹൃദവും നിലനിർത്താൻ സുപ്രീംകോടതി സൂക്ഷ്മനിരീക്ഷണം നടത്തുകയാണെന്നും കോടതി വ്യക്തമാക്കി.