ജഡ്ജിയുടെ വിദ്വേഷ പരാമർശത്തിൽ പുതിയ റിപ്പോർട്ട് തേടി സുപ്രീംകോടതി
Friday, January 10, 2025 1:09 AM IST
ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി ജസ്റ്റീസ് ശേഖർ കുമാർ യാദവ് നടത്തിയ വിദ്വേഷപരാമർശത്തിൽ വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അലാഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അരുണ്‍ ബൻസാലിക്ക് കത്തെഴുതി.
ഡിസംബർ 17 ന് സുപ്രീംകോടതി കൊളീജിയം ജസ്റ്റീസ് യാദവിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. അതിനുശേഷവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ക്ഷമാപണമോ മറ്റു വിശദീകരണങ്ങളോ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് പുതിയ വിശദീകരണം തേടിയത്.
ആഭ്യന്തര അന്വേഷണം ആരംഭിക്കുന്നതിനുള്ള ആദ്യപടിയായാണ് പുതിയ നീക്കം. ഡിസംബർ എട്ടിന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പരിപാടിയിൽ പങ്കെടുത്ത് ശേഖർ കുമാർ യാദവ് നടത്തിയ പ്രസംഗമാണ് വിവാദമായത്.