മനുഷ്യനാണ്, തെറ്റുകൾ സംഭവിക്കാം: നരേന്ദ്ര മോദി
Saturday, January 11, 2025 2:17 AM IST
ന്യഡൽഹി: രാജ്യം ആദ്യം എന്ന അനിവാര്യമായ ദർശനത്തിനായി പഴയ ആശയങ്ങളെ ഉപേക്ഷിക്കാനും പുതിയവയെ സ്വീകരിക്കാനും സന്നദ്ധനാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
തെറ്റുകള്‍ സംഭവിക്കാം, താൻ ദൈവമല്ല, മനുഷ്യനാണെന്നും സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്തുമായി നടത്തിയ രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പോഡ്കാസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
കുട്ടിക്കാലം, വിദ്യാഭ്യാസം, രാഷ് ട്രീയത്തിലേക്കുള്ള കടന്നുവരവ് ഉള്‍പ്പെടെ പലകാര്യങ്ങളിലും വിശദമായ മറുപടിയാണു പ്രധാനമന്ത്രി പറഞ്ഞത്.
പൊതുജീവിതം കൂടുതല്‍ സംവേദനക്ഷമമാകേണ്ടത് അനിവാര്യമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. രാഷ് ട്രീയത്തിലാകട്ടെ വെല്ലുവിളികളെ ഒരുസേവനമേഖലയായി ഏറ്റെടുക്കണം.
സംവേദനക്ഷമമല്ലെങ്കില്‍ ജനങ്ങളെ സഹായിക്കാന്‍ നമുക്കു കഴിയില്ല. 2047 ഓടെ വികസിത ഭാരതം എന്ന കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കാന്‍ കഴിയും. എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം, വൈദ്യുതി, ശൗചാലയം എന്നിവ എത്തിക്കാനാകുമെന്നും പ്രധാനമന്ത്രി പ്രത്യാശിച്ചു.തനിക്ക് ഹിന്ദി ഭാഷയില്‍ വൈദഗ്ധ്യമില്ലെന്ന് പോഡ്കാസ്റ്റിന്റെ തുടക്കത്തില്‍ നിഖില്‍ കാമത്ത് പ്രധാനമന്ത്രിയോടു പറഞ്ഞു.
താനൊരു ദക്ഷിണേന്ത്യക്കാരനാണ്. കൂടുതൽകാലം ബംഗളൂരുവിലായിരുന്നു. അതിനാല്‍ തന്റെ ഹിന്ദി നല്ലതല്ലെങ്കില്‍ ക്ഷമിക്കണമെന്നു പറഞ്ഞപ്പോള്‍ നമുക്കു രണ്ടു പേര്‍ക്കും കൂടി ഇക്കാര്യം കൈകാര്യം ചെയ്യാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
ആദ്യമായി പോഡ്കാസ്റ്റ് ചെയ്യുന്നതിനാല്‍ തനിക്കു ചെറുതായ പരിഭ്രാന്തി ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെറുപ്പത്തില്‍ താന്‍ എല്ലാ കുടുംബാംഗങ്ങളുടെയും വസ്ത്രങ്ങള്‍ കഴുകാറുണ്ടായിരുന്നുവെന്നും എന്നാല്‍ മാത്രമേ കുളത്തില്‍ പോകാന്‍ അനുവാദം ലഭിക്കുമായിരുന്നുള്ളൂ എന്നതുൾപ്പെടെ സ്വകാര്യമായ കാര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുന്നുണ്ട്.