ഇനിയില്ല, തബലയിലെ മാന്ത്രികതാളം
Tuesday, December 17, 2024 2:10 AM IST
സാൻഫ്രാൻസിസ്കോ/ന്യൂഡൽഹി: തബലയിൽ താളവിസ്മയമൊരുക്കിയ ഉസ്താദ് സാക്കിർ ഹുസൈന്റെ വിയോഗത്തിൽ ഉള്ളുലഞ്ഞ് സംഗീതലോകം.
കേട്ട് ആസ്വദിക്കാനും കണ്ട് ആനന്ദിക്കാനും കഴിയുംവിധം മാന്ത്രികസ്പർശങ്ങളിലൂടെ, ലോകം മുഴുവൻ സൃഷ്ടിച്ചെടുത്ത ആരാധകരെ ദുഃഖത്തിലാക്കി ഇന്നലെ പുലർച്ചെയോടെയാണു 73 കാരനായ സാക്കിർ ഹുസൈൻ വിടപറഞ്ഞത്.
ശ്വാസകോശത്തെ ബാധിക്കുന്ന ഇഡിയൊപാത്തിക് പൾമണറി ഫൈബ്രോസിസ് എന്ന രോഗത്തെത്തുടർന്ന് രണ്ടാഴ്ചയായി സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാക്കിർ ഹുസൈൻ വിടവാങ്ങിയതായി ഞായറാഴ്ച രാത്രി 11 ഓടെ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായെങ്കിലും ഇന്നലെ പുലർച്ചെയോടെയാണു കുടുംബാംഗങ്ങൾ മരണം സ്ഥിരീകരിച്ചത്.
1951ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം. വിഖ്യാത തബലവാദകനായ ഉസ്താദ് അല്ലാ രഖായുടെ മൂത്ത മകനാണ് സാക്കിർ. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ സാക്കിർ ഹുസൈൻ ചെറുപ്രായത്തിൽത്തന്നെ തന്റെ വഴി സംഗീതലോകമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ആദ്യപാഠങ്ങള്‍ പകര്ന്നുനല്കിയത് പിതാവുതന്നെയായിരുന്നു.
രാജ്യത്തെ പ്രമുഖ സംഗീതജ്ഞർക്കൊപ്പം ലോകം കീഴടക്കിയ പോപ്പ് സംഗീതസംഘം ‘ദ ബീറ്റില്‍സ്’ഉള്‍പ്പെടെ പാശ്ചാത്യ സംഗീതജ്ഞരുമായും സാക്കിർ ഹുസൈൻ സഹകരിച്ചിട്ടുണ്ട്. പാശ്ചാത്യ, പൗരസ്ത്യ സംഗീതലോകങ്ങൾ തമ്മിലുള്ള പാലമായി അതുവഴി സാക്കിർ ഹുസൈൻ വളരുകയായിരുന്നു.
കഥക് നര്‍ത്തകിയും അധ്യാപികയുമായ അന്റോണിയ മിനെക്കോളയാണു ഭാര്യ. അനിസ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍. സംസ്കാരചടങ്ങുകളെക്കുറിച്ച് കുടുംബാംഗങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാന്‍ഫ്രാന്‍സിസ്കോയില്‍ ആയിരിക്കും അന്ത്യകർമങ്ങൾ എന്നാണു റിപ്പോർട്ടുകൾ.