സംബാലിൽ വീണ്ടും റെയ്ഡ്
Monday, December 16, 2024 2:35 AM IST
സംബൽ: ഉത്തർപ്രദേശിലെ സംബാലിൽ ജില്ലാ ഭരണകൂടം മോസ്കിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ ആരംഭിച്ചു. നഖാസാ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളുടെയും കടകളുടെയും പുറത്തുള്ള ഓടകൾ വൃത്തിയാക്കുകയാണ് ചെയ്യുന്നതെന്ന് എഎസ്പി ശ്രീഷ് ചന്ദ്ര പറഞ്ഞു.
പൊതുസ്ഥലടങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കുകയും ഓടകളിലെ ഒഴുക്ക് ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണിതെന്നും അദ്ദേഹം പറഞ്ഞു. വീടുകളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 25 പാചകവാതക സിലിണ്ടറുകൾ കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, വിവാഹ ചടങ്ങുമായി ബന്ധപ്പെട്ടാണ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതെന്നാണ് വീട്ടുകാർ പറയുന്നത്.
ഇതിനിടെ വൈദ്യുതി മോഷണം ലക്ഷ്യമിട്ട് വൈദ്യുതി വകുപ്പും പരിശോധന നടത്തി. ദീപ സരായിയിൽ നടത്തിയ റെയ്ഡിനിടെ നാല് മോസ്കുകളിലും ഒരു മദ്രസയിലും അനധികൃത വൈദ്യുതി കണക്ഷനുകൾ കണ്ടെത്തി. ഏകദേശം 1.25 കോടി രൂപ വിലവരുന്ന 130 കിലോവാട്ട് വൈദ്യുതിയുടെ മോഷണമാണു കണ്ടെത്തിയതെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ നവീൻ ഗൗതം പറഞ്ഞു. സംഭവത്തിൽ 49 പേർക്കെതിരേ കേസെടുത്തെന്നും അദ്ദേഹം അറിയിച്ചു.