സോണിയയുടെ മുൻ പേഴ്സണൽ സെക്രട്ടറി പി.പി. മാധവൻ അന്തരിച്ചു
Tuesday, December 17, 2024 1:59 AM IST
ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ മുൻ പേഴ്സണൽ സെക്രട്ടറി പി.പി. മാധവൻ (71) ഡൽഹിയിൽ അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം. ഒല്ലൂർ തൈക്കാട്ടുശേരി പട്ടത്തുമനയ്ക്കൽ കുടുംബാംഗമാണ്. ഡൽഹിയിലെ വസതിയിൽ കുഴഞ്ഞുവീണ മാധവനെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് പ്രിയങ്ക ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും അടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തിയിരുന്നു. മൃതദേഹം ഇന്നലെ രാത്രി പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു. ഇന്നു രാവിലെ 11ന് സംസ്കാരം നടക്കും. ഭാര്യ: സാവിത്രി. മക്കൾ: ദീപ്തി, ദീപക്.
ഇന്ദിരാഗാന്ധിയുടെ കാലംമുതൽ ഗാന്ധികുടുംബത്തിന്റെ സന്തതസഹചാരിയും വിശ്വസ്തനുമായിരുന്നു മാധവൻ. ഇന്ദിരാഗാന്ധിക്കുശേഷം രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും വിശ്വസ്തനായി 45 വർഷത്തോളം ഡൽഹിയിൽ പ്രവർത്തിച്ചു.
സ്വാധീനങ്ങൾക്കു വഴങ്ങാത്ത, ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനെന്ന നിലയിലാണ് ഡൽഹി വൃത്തങ്ങൾക്കിടയിൽ മാധവൻ അറിയപ്പെടുന്നത്. മാധവന്റെ മകന്റെ വിവാഹത്തിന് തൃശൂരിൽ രാഹുൽ ഗാന്ധിയടക്കമുള്ളവർ എത്തിയിരുന്നു.
യുപിഎ ഭരണകാലത്തു നടന്ന വിവാഹത്തിൽ മുൻകൂട്ടി അറിയിക്കാതെ ഇവരെത്തിയതു വലിയ ചർച്ചയായി. തുടർന്ന് മകളുടെ വിവാഹത്തിനും തൃശൂരിൽ ഗാന്ധികുടുംബമെത്തി. സംസ്കാര ചടങ്ങുകൾക്ക് രാഹുൽ ഗാന്ധിയടക്കമുള്ളവർ എത്തുമെന്നാണു വിവരം.