രാഷ്ട്രീയജീവിതം നൽകിയതും ഇല്ലാതാക്കിയതും ഗാന്ധി കുടുംബം: മണിശങ്കർ അയ്യർ
Monday, December 16, 2024 2:35 AM IST
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ സോണിയഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവരുമായുള്ള ദീർഘകാലത്തെയും അതേസമയം ഇപ്പോൾ പരിമതമായതുമായ ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് മുതിർന്ന നേതാവ് മണിശങ്കർ അയ്യർ.
തനിക്കു രാഷ് ട്രീയജീവിതം നൽകിയതും അത് ഇല്ലാതാക്കിയതും ഗാന്ധി കുടുംബമാണെന്നാണ് വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ മണിശങ്കർ അയ്യർ പറഞ്ഞത്. രാഹുലുമായി വളരെ പരിമിതമായ ആശയവിനിമയമേ ഉള്ളൂ. പ്രിയങ്കയുമായി രണ്ടുതവണമാത്രമാണ് സമയം ചെലവഴിച്ചിട്ടുള്ളതെന്നും അദ്ദേഹം ഓർത്തെടുത്തു.
പത്തുവർഷത്തിനിടെ ഒരിക്കൽപ്പോലും സോണിയ ഗാന്ധിയെ ഒറ്റയ്ക്കു സന്ദർശിക്കാൻ അനുമതി കിട്ടിയിട്ടില്ല. ഈ കാലത്ത് രാഹുലുമായി കാര്യമാത്രപ്രസക്തമായ രീതിയില്‍ സമയം ചെലവഴിക്കാന്‍ ഒരിക്കല്‍ മാത്രമേ അവസരം ലഭിച്ചിട്ടുള്ളൂ. രാഷ്ട്രീയ ജീവിതം നിര്‍മ്മിച്ചതും അതു വളര്‍ത്താന്‍ അനുവദിക്കാതിരുന്നതും ഗാന്ധി കുടുംബമാണ് എന്നതാണ് ജീവിതത്തിലെ വിരോധാഭാസം- മണിശങ്കർ അയ്യർ പറഞ്ഞു.
2004 മുതല്‍ 2009 വരെയുള്ള കാലയളവില്‍ മന്മോഹന് സിംഗ് മന്ത്രിസഭയില്‍ അംഗമായിരുന്ന മണിശങ്കർ അയ്യർ മൂന്ന് തവണ ലോക്സഭാംഗമായും ഒരു തവണ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോൾ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്.