മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കി; അതൃപ്തി പരസ്യമാക്കി ഭുജ്ബൽ
Tuesday, December 17, 2024 1:59 AM IST
നാഗ്പുർ: മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്തി പരസ്യമാക്കി മുതിർന്ന എൻസിപി(അജിത്) നേതാവ് ഛഗൻ ഭുജ്ബൽ.
മണ്ഡലത്തിലെ ജനങ്ങളുമായി ആലോചിച്ച് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്ന് അദ്ദേഹം നാഗ്പുരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. വടക്കൻ മഹാരാഷ്ട്രയിലെ യേവ്ല മണ്ഡലത്തെയാണ് മുൻ ഉപമുഖ്യമന്ത്രിയായ ഭുജ്ബൽ പ്രതിനിധീകരിക്കുന്നത്.
മറാഠാ സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെയ്ക്കെതിരേ നിലപാടെടുത്തതാണ് തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിനു കാരണമെന്നു ഭുജ്ബൽ പറഞ്ഞു. ഭുജ്ബലിനൊപ്പം മുതിർന്ന എൻസിപി നേതാവ് ദിലീപ് വൽസേ പാട്ടീലിനെയും ഒഴിവാക്കിയിരുന്നു. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ തനിക്ക് പ്രയാസമില്ലെന്നു ശിവസേന നേതാവ് ദീപക് കേസർക്കാർ പറഞ്ഞു.
മന്ത്രിസ്ഥാനം കിട്ടാത്തതിൽ പ്രതിഷേധിച്ച് ശിവസേന(ഷിൻഡെ) എംഎൽഎ നരേന്ദ്ര ഭോണ്ഡേക്കർ പാർട്ടി സ്ഥാനങ്ങൾ രാജിവച്ചു. പാർട്ടി അധ്യക്ഷൻ ഏക്നാഥ് ഷിൻഡെ തനിക്ക് മന്ത്രിസ്ഥാനം ഉറപ്പുനല്‍കിയിരുന്നുവെന്ന് ഭോണ്ഡേക്കർ പറഞ്ഞു.
കിഴക്കൻ വിദർഭ ജില്ലകളിൽ ശിവസേനയുടെ ഉപനേതാവും കോ-കോർഡിനേറ്ററുമായിരുന്നു ഭോണ്ഡേക്കർ. ഭണ്ഡാര മണ്ഡലത്തിൽനിന്നാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.