മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചു ; 39 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
Monday, December 16, 2024 2:35 AM IST
നാഗ്പുർ: മഹാരാഷ്ട്രയിൽ 39 മന്ത്രിമാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാഗ്പുരിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ പി.സി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
മന്ത്രിമാരിൽ 11 പേർ ബിജെപിയിൽനിന്നാണ്. ശിവസേനയിൽനിന്ന് 11 പേരും എൻസിപിയിൽനിന്ന് ഒന്പതു പേരും മന്ത്രിമാരായി. ഇതോടെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും അടക്കം മഹാരാഷ്ട്ര മന്ത്രിസഭയുടെ അംഗബലം 42 ആയി. പുതിയ മന്ത്രിമാരിൽ 33 പേർക്ക് കാബിനറ്റ് പദവിയും ആറു പേർക്കു സഹമന്ത്രിസ്ഥാനവും ലഭിച്ചു.
മറാഠ, ഒബിസി, പട്ടികജാതി/പട്ടികവർഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തിയാണു മന്ത്രിമാരെ നിശ്ചയിച്ചത്. പ്രമുഖ ബിജെപി നേതാക്കളായ ചന്ദ്രശേഖർ ബവൻകുലെ, ചന്ദ്രകാന്ത് പാട്ടീൽ, പങ്കജ മുണ്ടെ, ആശിഷ് ഷേലർ എന്നിവരും എൻസിപിയിലെ ധനഞ്ജയ് മുണ്ടെ, ഹസൻ മുഷറിഫ് എന്നിവരും മന്ത്രിസഭയിൽ ഇടംകണ്ടു.
മുതിർന്ന എൻസിപി നേതാക്കളായ ഛഗൻ ഭുജ്ബൽ, ദിലീപ് വൽസെ പാട്ടീൽ, ബിജെപി നേതാവ് സുധീർ മുംഗന്തിവാർ, വിജയ്കുമാർ ഗാവിത്, ശിവസേനയിലെ തനാജി സാവന്ത്, ദീപക് കേസർക്കർ, അബ്ദുൾ സത്താർ എന്നീ പ്രമുഖർക്ക് മന്ത്രിസഭയിൽ ഇടം നേടാനായില്ല.
പങ്കജ മുണ്ടെ അടക്കം നാലു വനിതകൾ മന്ത്രിമാരായി. ഇവരിൽ രണ്ടു പേർക്ക് കാബിനറ്റ് പദവി ലഭിച്ചു. പടിഞ്ഞാറൻ മഹാരാഷ്ട്രയ്ക്കാണ് മന്ത്രിസഭയിൽ ഏറ്റവും അധികം പ്രാതിനിധ്യം ഭിച്ചത്.
ഒന്പതു പേർ ഈ മേഖലയിൽനിന്ന് മന്ത്രിസഭയിലെത്തി. വടക്കൻ മഹാരാഷ്ട്ര(8), വിദർഭ(7), മറാഠ്വാഡ(6), മുംബൈ-താനെ(4), കൊങ്കൺ(5) എന്നിങ്ങനെയാണു മറ്റു മേഖലകളുടെ പ്രാതിനിധ്യം. മന്ത്രിസ്ഥാനം ലഭിക്കാത്തവർക്ക് രണ്ടര വർഷത്തിനുശേഷം അവസരം നല്കുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭയുടെ ശൈത്യകാല സമ്മേളനം ഇന്നു മുതൽ 21 വരെ നാഗ്പുരിൽ നടക്കും.
33 വർഷത്തിനുശേഷമാണു നാഗ്പുരിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുന്നത്. 1991ൽ സുധാകർറാവു നായിക് മന്ത്രിസഭയുടെ വികസനം നടന്നപ്പോഴാണ് ഇതിനു മുന്പ് നാഗ്പുരിൽ സത്യപ്രതിജ്ഞ നടന്നത്.