ആ തബലകൾ എനിക്ക് ജീവിതം നൽകി
Tuesday, December 17, 2024 1:59 AM IST
മുംബൈ: ഞാൻ തബലകൾ നിർമിച്ചുനൽകിയപ്പോൾ അദ്ദേഹം എനിക്ക് ജീവിതം തന്നെയാണു നൽകിയത്. സാക്കിർ ഹുസൈനുവേണ്ടി തബലകൾ നിർമിച്ചു നൽകുന്ന ഹരിദാസ് വത്കറുടെ വാക്കുകളാണിത്. സാക്കിർ ഹുസൈന്റെ പിതാവ് അല്ലാ രാഖയ്ക്കുവേണ്ടിയും തബല നിർമിച്ചുനൽകിയിരുന്നത് ഹരിദാസ് വത്കറായിരുന്നു.
ഈ ബന്ധമാണ് സാക്കിർ ഹുസൈിലൂടെ തുടർന്നത്. 1998 മുതലാണ് സാക്കിർ ഹുസൈനു തബലകൾ നിർമിച്ച് നൽകിത്തുടങ്ങിയതെന്ന് ഹരിദാസ്(59) പറയുന്നു. മുംബൈയിലെ കഞ്ജുർമാർഗിലാണ് ഹരിദാസിന്റെ തബല വർക്ഷോപ്പ്. ഗുരുപൂർണിമയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതെന്ന് ഹരിദാസ് ഓർത്തെടുക്കുന്നു.
“അടുത്ത ദിവസം, ഞാൻ സിംല ഹൗസ് കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. രണ്ട് മണിക്കൂറോളം സംസാരിച്ചു”. ഇരുവരും തമ്മിലുള്ള ആജീവനാന്ത ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. തബല ട്യൂൺ ചെയ്യുന്നതിൽ വളരെ ശ്രദ്ധാലുവായിരുന്നു അദ്ദേഹമെന്നും ഹരിദാസ് പറയുന്നു.
സാക്കിർ ഹുസൈൻ തബല വാദനത്തിലെ മാസ്റ്ററായിരുന്നെങ്കിൽ ഹരിദാസ് വത്കർ തബല നിർമാണത്തിലെ മാസ്റ്ററായിരുന്നു. സാക്കിർതന്നെ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. പലരും തബലയുടെ ഭാഗങ്ങൾ യന്ത്രങ്ങളുടെ സഹായത്തോടെ നിർമിച്ചതിനു ശേഷം കൂട്ടിച്ചേർക്കുമ്പോൾ ഹരിദാസ് തബല പൂർണമായും കൈകൊണ്ടാണു നിർമിക്കുന്നത്. ആഴ്ചകൾകൊണ്ടാണ് ഒരു തബല പൂർത്തിയാക്കുന്നത്.
ഹരിദാസിന്റെ തബലയോളം വരില്ല സാധാരണ തബലയെന്നു സാക്കിർ ഹുസൈൻ തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. പശ്ചിമ മഹാരാഷ്ട്രയിലെ മിറാജ് സ്വദേശിയായ ഹരിദാസ് വത്കർ 1994ൽ മുംബൈയിലെത്തി.
മുംബൈയിലെ പ്രശസ്തമായ ഹരിഭാവു വിശ്വനാഥ് കമ്പനിയിൽ തബല നിർമാണ തൊഴിലാളിയായാണ് തുടങ്ങിയത്. മുത്തച്ഛൻ കേരപ്പ രാമചന്ദ്ര വത്കറിന്റെയും പിതാവ് രാമചന്ദ്ര കേരപ്പ വത്കറിന്റെയും പാത പിന്തുടരുന്നാണ് ഹരിദാസ് തബലനിർമാണത്തിലേക്ക് വരുന്നത്. ചെറിയ പ്രായത്തിൽ തന്നെ തബലയുടെ സാങ്കേതികവശങ്ങൾ പഠിച്ചെടുത്തു.
ഹരിദാസിന്റെ മക്കളായ കിഷോറും മനോജും പിതാവിന്റെ വഴിയിൽ തബലയിൽ സംഗീതം മുറുക്കികൊരുക്കുകയാണ്, തബലവാദകർ വിരൽതൊടുമ്പോൾ പൂവായി വിരിയാൻ.