സത്യം പറയുന്നവര്‍ക്ക് ഇംപീച്ച്മെന്റ് ഭീഷണി: യോഗി ആദിത്യനാഥ്
Monday, December 16, 2024 2:35 AM IST
മുംബൈ: ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്കറെയും അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെയും പിന്തുണച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സത്യം പറയുന്നവരെ ഇംപീച്ച്മെന്റിലൂടെ ഭീഷണിപ്പെടുത്തുകയാണെന്ന്, ഇരുവര്‍ക്കുമെതിരേയുള്ള നടപടികളെ ഓര്‍മിപ്പിച്ച് യോഗി പറഞ്ഞു.
തങ്ങള്‍ ജനാധിപത്യവാദികളാണെന്നു പ്രതിപക്ഷം പറയുമ്പോഴും സത്യം പറയുന്നവരെ അവര്‍ ഭീഷണിപ്പെടുത്തുകയാണ്. പ്രതിപക്ഷത്തിന്റെ ഇത്തരം ഇരട്ടത്താപ്പ് പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാണിക്കണമെന്നും മുംബൈയില്‍ വേള്‍ഡ് ഹിന്ദു ഇക്കണോമിക് ഫോറത്തിൽ പ്രസംഗിക്കവേ യോഗി വ്യക്തമാക്കി. ഇംപീച്ച്മെന്റിനുവേണ്ടി സമ്മര്‍ദം ചെലത്തുന്ന പ്രതിപക്ഷം അതിനുശേഷവും ഭരണഘടനയെക്കുറിച്ചു പറയുന്നത് ഇരട്ടത്താപ്പാണ്.
ഏകീകൃത സിവില്‍ കോഡ് വേണമെന്ന് അലഹാബാദിലെ ഒരു ജഡ്ജി പറഞ്ഞു. ഭൂരിപക്ഷത്തെ ബഹുമാനിക്കണമെന്നത് ലോകത്തെല്ലായിടത്തുമുള്ള ഒരു രീതിയാണ്. ഒരാള്‍ തന്റെ അഭിപ്രായം പറഞ്ഞാല്‍ അതില്‍ എന്താണു തെറ്റുള്ളത്- മുഖ്യമന്ത്രി ചോദിച്ചു.
ഒരു കര്‍ഷകന്റെ മകന് ഉപരാഷ്ട്രപതിയായതില് പ്രതിപക്ഷം ആശങ്കാകുലരാണ്. അതിനാലാണ് അദ്ദേഹത്തിനെതിരേ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്. ജഡ്ജിയും രാജ്യത്തെ പൗരനുമായ ഒരാള്‍ സാമൂഹിക-സാംസ്കാരിക സദസില്‍ സത്യം വിളിച്ചുപറഞ്ഞാലും ഇംപീച്ച്മെന്റ് എന്ന ഭീഷണിയുണ്ടാകും-യോഗി ആദിത്യനാഥ് പറഞ്ഞു.