ബംഗളൂരുവില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി
Monday, December 16, 2024 2:35 AM IST
ബംഗളുരു: ബംഗളൂരുവില്‍ ഹെഡ്കോണ്‍സ്റ്റബിള്‍ ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കിയതു ഭാര്യയുടെയും ഭാര്യാപിതാവിന്റെയും മാനസിക പീഡനം മൂലമെന്ന് ആരോപണം. ബംഗളുരു ഹുളിമാവു സ്റ്റേഷനിലെ ഗെഡ്കോണ്സ്റ്റബിളായ 33 കാരന് തിപ്പണ്ണ അലുഗുര്‍ ആണ് കുടുംബവഴക്കിനെത്തുടർന്ന് ജീവനെടുത്തത്. ജോലിക്കുശേഷം വീട്ടിലെത്തിയ തിപ്പണ്ണ ഭാര്യയുമായി വഴക്കുണ്ടാക്കിയശേഷം ജീവനൊടുക്കുകയായിരുന്നു.
ഭാര്യവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ഐടി ജീവനക്കാരന് ജീവനൊടുക്കിയതിനു പിന്നാലെയായതിനാൽ തിപ്പണ്ണയുടെ മരണവും വ്യാപക ചര്‍ച്ചയായിരിക്കുകയാണ്. വിജയപുര സ്വദേശിയായ തിപ്പണ്ണ മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതനായത്. ഇതിനുശേഷം ഭാര്യ പാര്‍വതിയും ഇവരുടെ പിതാവ് യമുനപ്പയും നിരന്തരം മാനസികപീഡനത്തിന് വിധേയനാക്കുകയാണെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നത്. കഴിഞ്ഞയാഴ്ച ഫോണില്‍ വിളിച്ച് തിപ്പണ്ണയെ ഭാര്യാപിതാവ് ഭീഷണിപ്പെടുത്തിയതായും കത്തിൽ പറയുന്നു.
മകന്റെ മരണത്തെത്തുടർന്ന് പാര്‍വതിക്കെതിരെ തിപ്പണ്ണയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.