നെഹ്റുവിന്റെ കത്തുകൾ തിരികെ തരണമെന്ന് രാഹുലിനോടു കേന്ദ്രം
Tuesday, December 17, 2024 1:59 AM IST
ന്യൂഡൽഹി: ആൽബർട്ട് ഐൻസ്റ്റീനും എഡ്വിന മൗണ്ട് ബാറ്റനുമടക്കം മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എഴുതിയ കത്തുകളുടെ ശേഖരം തിരികെ നൽകണമെന്നു പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയോട് കേന്ദ്രസർക്കാർ.
നെഹ്റുവിന്റെ കത്തുകൾ ചരിത്ര രേഖകളാണെന്നു ചൂണ്ടിക്കാട്ടി പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറിയാണ് (പിഎംഎംഎൽ) കത്തുകൾ തിരികെ നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 1971 മുതൽ പിഎംഎംഎലിന്റെ ശേഖരത്തിലുണ്ടായിരുന്ന നെഹ്റുവിന്റെ കത്തുകൾ 2008ൽ സോണിയ ഗാന്ധിയുടെ അപേക്ഷപ്രകാരം സ്വകാര്യത മാനിച്ച് കുടുംബത്തിന് കൈമാറുകയായിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ അതിപ്രശസ്ത വ്യക്തിത്വങ്ങളുമായി ആത്മബന്ധം സൂക്ഷിച്ചിരുന്ന നെഹ്റുവിന്റെ 51 കത്തുകളടങ്ങുന്ന പെട്ടിയാണ് ഇപ്പോൾ പിഎംഎംഎൽ തിരികെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഐൻസ്റ്റീൻ, ജയപ്രകാശ് നാരായണ്, എഡ്വിന മൗണ്ട്ബാറ്റണ്, പദ്മജ നായിഡു, വിജയലക്ഷ്മി പണ്ഡിറ്റ്, അരുണ ആസിഫ് അലി തുടങ്ങിയവർക്കുള്ള കത്തുകൾ ശേഖരത്തിലുൾപ്പെടുന്നുണ്ട്. കത്തുകൾ നെഹ്റു കുടുംബത്തിന് വ്യക്തിപരമായി പ്രാധാന്യമുള്ളതാണെങ്കിലും നെഹ്റുവിന്റെ കത്തുകൾ കൂടുതൽ പേർക്കു ലഭ്യമാകുകയാണെങ്കിൽ ഗവേഷകർക്കും ചരിത്രകാരന്മാർക്കും ഗുണകരമാകുമെന്ന് പിഎംഎംഎൽ ചൂണ്ടിക്കാട്ടുന്നു.
ആദ്യകാലത്ത് നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി എന്നറിയപ്പെട്ടിരുന്ന പിഎംഎംഎലിന് 1971ൽ നെഹ്റുവിന്റെ മകൾ ഇന്ദിരാ ഗാന്ധിയാണ് നെഹ്റുവിന്റെ കത്തുകൾ നൽകിയത്. നെഹ്റുവിന് ആദരമർപ്പിച്ചു പ്രവർത്തിച്ചിരുന്ന മ്യൂസിയം എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകൾ അനുസ്മരിക്കാൻ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറിയായി പേരു മാറ്റിയത്.