ശ്രീലങ്കൻ അതിർത്തികളിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ല: ദിസനായക
Tuesday, December 17, 2024 1:59 AM IST
ന്യൂഡൽഹി: തന്റെ രാജ്യത്തിന്റെ അതിർത്തിയിൽ ഇന്ത്യക്കു ഹാനികരമായ ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുരകുമാര ദിസനായക. ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ദിസനായക പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു.
ഇന്ത്യയുമായുള്ള ശ്രീലങ്കയുടെ സൗഹൃദം കൂടുതൽ ദൃഢമായെന്നു വ്യക്തമാക്കിയ അദ്ദേഹം, രണ്ടു വർഷംമുന്പ് ലങ്ക കടുത്ത സാന്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ സാന്പത്തിക പിന്തുണ നൽകിയതിന് ഇന്ത്യക്ക് നന്ദി അറിയിച്ചു.
സെപ്റ്റംബറിൽ അധികാരത്തിലെത്തിയതിനുശേഷം ആദ്യമായി വിദേശസന്ദർശനം നടത്തുന്ന ദിസനായക ഇന്ത്യയുടെ വിദേശ നയത്തിൽ ശ്രീലങ്കയ്ക്കു സവിശേഷ സ്ഥാനമുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധം, ടൂറിസം, ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണയായി. ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിക്കുന്ന തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ അധികാരികൾ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ചർച്ച ചെയ്തുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ വിഷയത്തിൽ മനുഷ്യത്വപരമായ നടപടി സ്വീകരിക്കാൻ ധാരണയായിട്ടുണ്ടെന്ന് മോദി വ്യക്തമാക്കി.
ലങ്കയിലെ ഊർജ പ്ലാന്റുകളിലേക്ക് എൽഎൻജി ഇന്ത്യയിൽനിന്നു വിതരണം ചെയ്യാൻ ധാരണയായിട്ടുണ്ട്. ഇന്ത്യൻ സർക്കാരിനു കീഴിലെ പെട്രോനെറ്റ് എൽഎൻജിയിൽനിന്ന് കൊളംബോയിലെ പവർ പ്ലാന്റുകളിലേക്ക് കൊച്ചിയിലൂടെ എൽപിജി എത്തിക്കുവാനാണ് തീരുമാനം.
നാവിക സുരക്ഷ, തീവ്രവാദത്തിനും കള്ളക്കടത്തിനുമെതിരായ പ്രതിരോധം, സൈബർ സുരക്ഷ, ദുരന്തനിവാരണം എന്നീ വിഷയങ്ങളിലും ദിസനായകയും മോദിയും ചർച്ച നടത്തി.
മോദിയുമായുള്ള ചർച്ചയ്ക്കുശേഷം ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവുമായും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായും കൂടിക്കാഴ്ച നടത്തിയ ദിസനായക രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ സമാധിയിൽ ആദരവുമർപ്പിച്ചു.