വന്യജീവി ആക്രമണം ഉന്നയിച്ച് പ്രിയങ്ക
Tuesday, December 17, 2024 1:59 AM IST
ന്യൂഡൽഹി: വയനാട്ടിലെ സാധാരണക്കാർ നേരിടുന്ന വന്യജീവി ആക്രമണത്തിൽ ഇരകൾക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കണമെന്നു പ്രിയങ്കഗാന്ധി എംപി. ലോക്സഭയിലെ ചോദ്യോത്തര വേളയിലാണു പ്രിയങ്ക ഇക്കാര്യം ഉന്നയിച്ചത്.
ഒരു വർഷത്തിനിടെ തന്റെ മണ്ഡലത്തിൽ 90 പേർ വന്യജീവി ആക്രമണത്തിന് ഇരയായിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്കു പരിക്കേറ്റ സംഭവവും പ്രിയങ്ക ചൂണ്ടിക്കാട്ടി. ആക്രമണത്തിന് ഇരകളാകുന്ന സാധാരണക്കാർക്കും കർഷകർക്കും നഷ്ടപരിഹാരം വർധിപ്പിക്കണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
പ്രിയങ്ക ഉന്നയിച്ചത് പ്രാഥമിക വിഷയത്തിൽനിന്നു വ്യത്യസ്തമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് മറുപടി നൽകി. വിഷയം പഠിക്കാൻ താനും സംഘവും വയനാട്ടിൽ നേരിട്ടു പോയിട്ടുണ്ടെന്നും പ്രിയങ്ക ഉന്നയിച്ച വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.