പുരുഷ അവകാശങ്ങളെക്കുറിച്ചും ചർച്ച ഉയരണം: കർണാടക മന്ത്രി
Monday, December 16, 2024 2:35 AM IST
ബംഗളൂരു: ഭാര്യയ്ക്കും ഭാര്യാവീട്ടുകാർക്കുമെതിരേ പരാതി ഉന്നയിച്ചശേഷം അതുൽ സുഭാഷ് എന്ന ഐടി ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര.
അതുലിന്റെ മരണം സങ്കടകരവും അതേസമയം രാജ്യത്തെ പുരുഷന്മാരുടെ ദയനീയാവസ്ഥ എടുത്തുകാട്ടുന്നതും കണ്ണുതുറപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളെപ്പോലെ പുരുഷന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചർച്ച ഉയരേണ്ടതായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതുലിന്റെ ആത്മഹത്യ രാജ്യത്ത് പുതിയ ചർച്ചകൾക്കു തുടക്കമിട്ടിരിക്കുകയാണ്. നമ്മളെപ്പോഴും സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് സംസാരിക്കും. എന്നാൽ ഇപ്പോഴത്തെ സംഭവം പുരുഷ അവകാശവുമായി ബന്ധപ്പെട്ട സംവിധാനം എത്ര ദുർബലമാണെന്ന് തുറന്നുകാട്ടുന്നതാണെന്നും പരമേശ്വര പറഞ്ഞു.