ജീവനെടുത്തത് അപൂര്‍വ ശ്വാസകോശരോഗം
Tuesday, December 17, 2024 1:59 AM IST
ന്യൂഡൽഹി: ഉസ്താദ് സാക്കിര്‍ ഹുസൈന്റെ ജീവനെടുത്തത് അപൂര്‍വവും ഗുരുതരവുമായ ഇഡിയൊപാത്തിക് പള്‍മണറി ഫൈബ്രോസിസ് (ഐപിഎഫ്) എന്ന ശ്വാസകോശരോഗം.
സാന്‍ഫ്രാന്‍സിസ്കോയിലെ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതോടെ അതിതീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.
പുകവലി, പാരമ്പര്യം, പ്രായാധിക്യം തുടങ്ങിയവയാണ് ഐപിഎഫ് ബാധിക്കുന്നതിനു കാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്. ശ്വാസകോശത്തിലെ ആല്‍വിയോളയ്ക്ക് ചുറ്റുമുള്ള കോശങ്ങളെയാണു അസുഖം ബാധിക്കുക. ഈ കോശങ്ങള്‍ക്ക് കട്ടി കൂടുകയും കടുപ്പമുണ്ടാകുകയും ചെയ്യുന്നു.
പിന്നാലെ ശ്വാസകോശത്തില്‍ കട്ടിയുള്ള മുഴകള്‍ രൂപപ്പെടുന്നതോടെ ശ്വാസമെടുക്കുന്നത് ദുഷ്കരമാകും. അതിശക്തമായ ചുമയും ഇതോടൊപ്പം അനുഭവപ്പെടും.
രോഗത്തിന്റെ തുടക്കത്തില്‍ തന്നെ ചിലര്‍ക്ക് ശ്വാസകോശത്തില്‍ മുഴകള്‍ പ്രത്യക്ഷപ്പെടും. ചിലര്‍ക്കാകട്ടെ ഇതു സാവധാനവുമായിരിക്കും. രോഗമുക്തി ദുഷ്കരമാണെങ്കിലും രോഗം പടരുന്നത് തടയാന്‍ ചികിത്സ ലഭ്യമാണ്.