കേജരിവാൾ ന്യൂഡൽഹിയിൽ
സ്വന്തം ലേഖകൻ
Monday, December 16, 2024 2:35 AM IST
ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാർഥിപ്പട്ടിക ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു.
എഎപി ദേശീയ കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ന്യൂഡൽഹി മണ്ഡലത്തിൽനിന്നാണ് ഇത്തവണയും ജനവിധി തേടുക. ഡൽഹി മുഖ്യമന്ത്രി അതിഷിയുടെയും മന്ത്രിമാരായ സൗരഭ് ഭരദ്വാജിന്റെയും ഗോപാൽ റായിയുടെയും നിയമസഭാ മണ്ഡലങ്ങൾക്കു മാറ്റമില്ല. അതിഷി കൽക്കാജിയിൽനിന്നും സൗരഭ് ഗ്രെയ്റ്റർ കൈലാഷിൽനിന്നും ഗോപാൽ ബബർപുർ മണ്ഡലത്തിൽനിന്നുമാണ് മത്സരിക്കുന്നത്.
അന്തിമഘട്ട പട്ടികയിൽ 38 സ്ഥാനാർഥികളുടെ പേരുകളാണ് എഎപി പുറത്തുവിട്ടത്. 2013 മുതൽ ന്യൂഡൽഹിയിൽനിന്നു ജയിക്കുന്ന അരവിന്ദ് കേജരിവാൾ ഇത്തവണ മണ്ഡലത്തിൽ കടുത്ത മത്സരം നേരിടുന്നുണ്ട്. ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിതിനെ ഇതിനകംതന്നെ കോണ്‍ഗ്രസ് ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചുകഴിഞ്ഞു. ഡൽഹി മുൻ മുഖ്യമന്ത്രി സാഹെബ് സിംഗ് വർമയുടെ മകൻ പർവേഷ് വർമയെ കേജരിവാളിനെതിരായി കളത്തിലിറക്കാനാണു ബിജെപി ലക്ഷ്യമിടുന്നത്.
70 നിയമസഭാ മണ്ഡലങ്ങളുള്ള ഡൽഹിയിൽ എഎപി ഇതിനോടകം എല്ലാ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. അതിനിടെ എഎപിയുടേത് ക്രിമിനലുകളുടെ സ്ഥാനാർഥിപ്പട്ടികയാണെന്ന ആരോപണവുമായി ബിജെപി രംഗത്തുവന്നു.
ബിജെപിക്ക് ഡൽഹി തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിമുഖമില്ലെന്നും തന്നെ മുഖ്യമന്ത്രി പദത്തിൽനിന്നു താഴെയിറക്കണമെന്നുള്ള ഒരേയൊരു ഉദ്ദേശമേ അവർക്കുള്ളൂവെന്നും കേജരിവാൾ തിരിച്ചടിച്ചു.