ബംഗ്ലാദേശ് വിജയ് ദിവസ്: ലോക്സഭയിൽ പ്രതിപക്ഷ ബഹളം
Tuesday, December 17, 2024 1:59 AM IST
ന്യൂഡൽഹി: 1971 ലെ ബംഗ്ലാദേശ് യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിനു മുന്നിൽ പാക്കിസ്ഥാൻ സൈനികർ കീഴടങ്ങുന്ന ഫോട്ടോ സൈനിക ആസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് വയനാട് എംപിയും കോണ്ഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടു.
ഈ ഫോട്ടോ നീക്കം ചെയ്തത് യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ചതിനു തുല്യമാണെന്നും പ്രിയങ്ക ആരോപിച്ചു. ബംഗ്ലാദേശ് വിജയ ദിവസ് ആഘോഷിക്കാതിരുന്നത് ലോക്സഭയിലെ ശൂന്യവേളയിൽ ഉന്നയിക്കുന്പോഴായിരുന്നു പ്രിയങ്കയുടെ പരാമർശം.
ബംഗ്ലാദേശ് യുദ്ധത്തിൽ ഇന്ദിര ഗാന്ധിയുടെ നേതൃപാടവം ചൂണ്ടിക്കാണിക്കുകയും ചെയ്തു. അവരുടെ നിശ്ചയദാർഢ്യമാണു വിജയത്തിലേക്ക് നയിച്ചതെന്ന് പ്രിയങ്ക പറഞ്ഞതോടെ സ്പീക്കർ മൈക്ക് ഓഫ് ചെയ്തത് പ്രതിപക്ഷ ബഹളത്തിൽ കലാശിക്കുകയായിരുന്നു.
ലോകം മുഴുവൻ ബംഗ്ലാദേശിനുനേരേ കണ്ണടച്ചു. എന്നാൽ, അന്നത്തെ കേന്ദ്രസർക്കാർ കൃത്യമായ നിലപാട് സ്വീകരിച്ചു. ഇതു രാജ്യത്തെ യുദ്ധം വിജയിക്കുന്നതിലേക്കു നയിച്ചുവെന്നും പ്രിയങ്കചൂണ്ടിക്കാട്ടി. ഇതിനിടയിൽ ബിജെപി അംഗങ്ങൾ ബഹളം വച്ചെങ്കിലും പ്രിയങ്ക പ്രസംഗം തുടർന്നു. ഇപ്പോൾ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നേരേ നടക്കുന്ന അക്രമങ്ങളിൽ കേന്ദ്രസർക്കാർ കൃത്യമായ നിലപാട് സ്വീകരിക്കണം. അവിടുത്തെ സർക്കാരുമായി ചർച്ച നടത്തി ന്യൂനപക്ഷങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
പ്രിയങ്കയുടെ പ്രസംഗത്തിനിടെ മൂന്നു തവണയാണ് സ്പീക്കർ മൈക്ക് ഓഫ് ചെയ്തത്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്സഭയിൽനിന്ന് ഇറങ്ങിപ്പോയി. തുടർന്ന് ലോക്സഭയ്ക്കു പുറത്ത് പ്രതിഷേധിച്ച എംപിമാർ ബംഗ്ലാദേശിൽ സമാധാനം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.