വിസ്മയ തബല തനിച്ചായി...
Monday, December 16, 2024 2:35 AM IST
ന്യൂഡൽഹി: തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ ആശുപത്രിയിലായിരുന്നു അന്ത്യം. തബലയിലൂടെ ആഗോളതലത്തിൽ ആരാധകരെ സൃഷ്ടിച്ച സാക്കിർ ഹുസൈൻ ഏറെ നാളായി സാൻഫ്രാൻസിസ്കോയിലാണു കഴിഞ്ഞിരുന്നത്.
തബലയിൽ വിസ്മയം തീർത്ത വിഖ്യാത സംഗീതജ്ഞനും പിതാവുമായ ഉസ്താദ് അല്ലാ രഖയായിരുന്നു സാക്കിർ ഹുസൈനെ സംഗീതലോകത്തേക്കു കൈപിടിച്ചുയർത്തിയത്. അനുപമമായ ശൈലിയിലൂടെ ലോകമെന്പാടും ആരാധകരെ നേടിയെടുത്ത സാക്കിർ ഹുസൈൻ പന്ത്രണ്ടാം വയസിൽ കച്ചേരികൾ അവതരിപ്പിച്ചുതുടങ്ങി. ആറു ദശകം പിന്നിട്ട സംഗീതജീവിതത്തിൽ ആറ് ഗ്രാമി പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ നേട്ടങ്ങൾ സക്കിർ ഹുസൈൻ സ്വന്തമാക്കിയിട്ടുണ്ട്. പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ ബഹുമതികൾ നല്കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു.
ഇന്ത്യയിലെയും വിദേശത്തെയും ഒട്ടേറെ സംഗീതജ്ഞർക്കൊപ്പം സാക്കിർ ഹുസൈൻ സഹകരിച്ചിട്ടുണ്ട്. 1951 മാർച്ച് ഒന്പതിന് മുംബൈയിലാണു സാക്കിർ ഹുസൈൻ ജനിച്ചത്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം വാനപ്രസ്ഥത്തിനു സംഗീതം നല്കി. 1996ലെ അറ്റ്ലാന്റ ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിനു സംഗീതം ചിട്ടപ്പെടുത്തി.
കഥക് നർത്തകിയും അധ്യാപികയുമായ അന്റോണിയ മിന്നെകോലയാണു ഭാര്യ. അനീസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.