കർഷകമാർച്ചിനു നേരേ വീണ്ടും പോലീസ് നടപടി; സംഘർഷം
Sunday, December 15, 2024 1:35 AM IST
ന്യൂഡൽഹി: മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ആവശ്യപ്പെട്ട് കർഷകർ ഡൽഹിയിലേക്കു നടത്തുന്ന മാർച്ചിൽ സംഘർഷം. ഇന്നലെ ഉച്ചയ്ക്ക് 12ന് പുനരാരംഭിച്ച "ദില്ലി ചലോ' മാർച്ചിനു നേരേ ഹരിയാന പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതോടെയാണു മാർച്ച് സംഘർഷഭരിതമായത്.
പോലീസ് നടപടിയിൽ നിരവധി കർഷകർക്കു പരിക്കേറ്റു. തുടർന്ന് മാർച്ച് താത്കാലികമായി അവസാനിപ്പിക്കാൻ കർഷകസംഘടനകൾ തീരുമാനിച്ചു. ഇതിനുമുന്പും കർഷകർ നടത്തിയ മാർച്ച് ഹരിയാനയിലെ ശംഭു അതിർത്തിയിൽ പോലീസ് തടഞ്ഞിരുന്നു. അനുവാദമില്ലാതെ ഡൽഹിയിലേക്കു കടക്കാൻ ശ്രമിച്ചതിനാണ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതെന്നാണ് പോലീസ് വിശദീകരിച്ചത്.
അടുത്തദിവസങ്ങളിൽ പഞ്ചാബിനു പുറത്ത് ട്രാക്ടർ മാർച്ച് നടത്തുമെന്ന് പഞ്ചാബിൽനിന്നുള്ള കർഷകർ അറിയിച്ചു. ട്രെയിൻ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധം നടത്തുമെന്നും കർഷകനേതാക്കൾ പറഞ്ഞു.