ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ; ബിൽ നാളെ ലോക്സഭയിൽ
Sunday, December 15, 2024 1:35 AM IST
ന്യൂഡൽഹി: ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പിനു നിർദേശിക്കുന്ന "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും.
ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനും ഡൽഹി, ജമ്മു കാഷ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനും ആവശ്യമായ രണ്ടു ബില്ലുകളായിരിക്കും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ലോക്സഭയിൽ അവതരിപ്പിക്കുക.
ഇരുസഭകളിലും എൻഡിഎയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാൽ ഭരണഘടനാഭേദഗതികൾ അവതരിപ്പിക്കില്ല. ബില്ലിന് കേന്ദ്ര മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകിയിരുന്നു.
കരട് ബില്ലുകൾ അനുസരിച്ച്, ഒരു പൊതുതെരഞ്ഞെടുപ്പിനുശേഷമുള്ള ലോക്സഭയുടെ ആദ്യ സിറ്റിംഗിൽ രാഷ്ട്രപതി വിജ്ഞാപനം ചെയ്യുന്ന നിശ്ചിത തീയതി യിൽ "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’പ്രാബല്യത്തിൽ വരും.
ഈ തീയതിക്കുശേഷം തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ സംസ്ഥാന നിയമസഭകളുടെയും കാലാവധി ലോക്സഭയുടെ മുഴുവൻ കാലാവധിക്കൊപ്പം അവസാനിക്കുകയും അതുവഴി ഒരേസമയം തെരഞ്ഞെടുപ്പിന് വഴിയൊരുക്കുകയും ചെയ്യും.