സിഎച്ച്ആർ ഭൂമിയിൽ കേന്ദ്ര ഇടപെടൽ വേണമെന്ന് ഡീൻ കുര്യാക്കോസ്
Tuesday, December 17, 2024 1:59 AM IST
ന്യൂഡൽഹി: സിഎച്ച്ആർ ഭൂമിയിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ ജില്ലയിലെ വ്യാപാരി-കർഷക നേതാക്കൾ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കണ്ട് നിവേദനം കൈമാറി.
വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് നിർണായകമാണെന്നും സുപ്രീംകോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസിൽ കേന്ദ്രസർക്കാർ ഇടപെടൽ നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും കൂടിക്കാഴ്ചയ്ക്കുശേഷം ഡീൻ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ പരിസ്ഥിതി സംഘടനകളുടെയും കേരള വനംവകുപ്പിന്റെയും നീക്കം തടയാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
വ്യാജ പരിസ്ഥിതിസംഘടന ഉന്നയിക്കുന്ന വിഷയം തീർത്തും അപ്രസക്തമാണ്. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ ഇരു സർക്കാരുകളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും നിർത്തിവച്ച പട്ടയ നടപടികൾ തുടരണമെന്നും ഡീൻ ആവശ്യപ്പെട്ടു.
ഇതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും സുപ്രീംകോടതിയുടെയും ഭാഗത്തുനിന്ന് അനുകൂലമായ സമീപനം ഉണ്ടാകണമെന്നും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കേസിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയിൽ ഇടപെടൽ നടത്താമെന്നും ഡീൻ പറഞ്ഞു.