തബലയെ വിശ്വത്തോളം ഉയർത്തിയ അതുല്യപ്രതിഭ
Tuesday, December 17, 2024 1:59 AM IST
തബലയെന്ന വാദ്യോപകരണത്തിന്റെ സാധ്യതകൾ ലോകത്തിനു മുന്നിൽ അനാവൃതമാക്കിയ കലാകാരനാണു ഉസ്താദ് സാക്കിർ ഹുസൈൻ.
തബല വിദ്വാൻ, സംഗീത സംവിധായകൻ, സംഗീത അധ്യാപകൻ എന്നീ നിലകളിലെല്ലാം ജ്വലിച്ചുനിന്ന പ്രതിഭ. തബലയെ ക്ലാസിക്കൽ സംഗീതോപകരണത്തിന്റെ പരിധികൾക്കപ്പുറത്തേക്ക് ഉയർത്തി ആഗോളതലത്തിൽ അംഗീകാരം നേടിക്കൊടുത്ത സംഗീതജ്ഞൻ. തന്റെ കൈകളാൽ സംഗീതത്തിന്റെ മാന്ത്രികത സൃഷ്ടിച്ച സാക്കിർ ഹുസൈൻ ഇന്ത്യൻ ശാസ്ത്രീയ സംഗീത പാരമ്പര്യത്തിലെ തിളങ്ങുന്ന നക്ഷത്രമാണ്.
പ്രശസ്ത തബലവാദകൻ ഉസ്താദ് അല്ലാ രഖായുടെ മകനായി ജനിച്ച സാക്കിർ ഹുസൈന് സംഗീതം രക്തത്തിൽ അലിഞ്ഞുചേർന്നതായിരുന്നു. നന്നേ ചെറുപ്പം മുതൽ തന്നെ പിതാവിൽനിന്നു തബലയിൽ പരിശീലനം സിദ്ധിച്ച അദ്ദേഹം അസാധാരണമായ പ്രതിഭ പ്രകടിപ്പിച്ചു. പഞ്ചാബ് ഖരാനയുടെ പാരമ്പര്യത്തിൽ വേരൂന്നിയ സംഗീത പരിശീലനമാണു ലഭിച്ചത്. വർഷങ്ങളോളം നീണ്ട അർപ്പണബോധത്തോടെയുള്ള പരിശീലനത്തിലൂടെ തബല വാദനത്തിൽ അദ്ദേഹം അതുല്യമായ പ്രാവീണ്യം നേടി. പതിമൂന്നാം വയസിൽത്തന്നെ പിതാവിന്റെ ശിഷ്യനായി പര്യടനം ആരംഭിച്ചു. പതിനേഴാം വയസിൽ തന്റെ ആദ്യ സോളോ ആൽബം പുറത്തിറക്കി.
തന്റെ വിരൽത്തുമ്പിൽനിന്നു ജീവൻ തുടിക്കുന്ന താളങ്ങളിലൂടെ സംഗീതപ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കി. വിസ്മയകരമായ പ്രതിഭയിലൂടെയും കലാസമർപ്പണത്തിലൂടെയും അദ്ദേഹം തബലയെന്ന വാദ്യോപകരണത്തിന് ആഗോള അംഗീകാരം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. സംഗീതത്തിലൂടെ സംസ്കാരങ്ങളെ ഒന്നിപ്പിച്ച പാലം കൂടിയാണു സാക്കിർ ഹുസൈൻ.
പരമ്പരാഗത ഹിന്ദുസ്ഥാനി സംഗീതശൈലിയിൽ വേരൂന്നി നിൽക്കുമ്പോഴും, ജാസ് തുടങ്ങിയ വിവിധ സംഗീതശാഖകളുമായി അദ്ദേഹം പരീക്ഷണം നടത്തി. പാശ്ചാത്യ സംഗീത പാരമ്പര്യങ്ങളുമായി ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തെ സമന്വയിപ്പിക്കുന്നതിലൂടെ സാക്കിർ ഹുസൈൻ തബലയുടെ സാധ്യതകൾ വിസ്തൃതമാക്കി. ജോൺ മക്ലാഫിൻ, മിക്കി ഹാർട്ട് തുടങ്ങിയ രാജ്യാന്തര സംഗീതജ്ഞരുമായി ചേർന്ന് ഒട്ടേറെ സംഗീത പരിപാടികൾ അവതരിപ്പിച്ചു.
വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നുള്ള സംഗീതത്തെ സമന്വയിപ്പിച്ചുള്ള അദ്ദേഹത്തിന്റെ സൃഷ്ടികൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രശംസ നേടി. തബലയിൽ സങ്കീർണമായ താളക്രമങ്ങളും മനോഹരമായ ലയവിന്യാസങ്ങളും അതിശയകരമായ വേഗവും കൊണ്ട് വിസ്മയം സൃഷ്ടിച്ചു. ലോകമെമ്പാടും സംഗീതപരിപാടികൾ നടത്തുകയും പുതുതലമുറയെ സംഗീത പഠനത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ വലിയ താത്പര്യം കാണിച്ചു.
1999ല്‍ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ആര്‍ട്സ് നാഷണല്‍ ഹെറിറ്റേജ് ഫെല്ലോഷിപ്പ് നേടി. രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്കി ഈ സംഗീതവിസ്മയത്തെ ആദരിച്ചു.
നാലു തവണ ഗ്രാമി പുരസ്കാരം നേടി. കഴിഞ്ഞ ഗ്രാമി പുരസ്കാര വേദിയിലും സാക്കിര്‍ ഹുസൈന് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ്, മികച്ച സമകാലിക ഇൻസ്ട്രുമെന്റൽ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലായിരുന്നു സമ്മാനിതനായത്.