ഇനിയില്ല, ആ വിരൽച്ചിറകടികൾ
വി.ആർ. ഹരിപ്രസാദ്
Monday, December 16, 2024 2:35 AM IST
ഒരു സെക്കൻഡിൽ അന്പതിലേറെ തവണ ചിറകടിക്കും ഹമ്മിംഗ്ബേർഡ് എന്ന ഇത്തിരിക്കുഞ്ഞൻ പക്ഷി. ആ ചിറകടിയുടെ മൂളൽ നമുക്കു കേൾക്കാനാകും. അത്രയും വേഗത്തിൽ ചിറകടിച്ച് വായുവിൽ നിശ്ചലമായി നിൽക്കാനും ഈ കിളികൾക്കു കഴിയും. ആ ചിറകടികൾക്ക് ഒപ്പംപിടിക്കാൻ ഒരാളുടെ വിരൽപ്പെരുമാറ്റങ്ങൾക്കു കഴിവുണ്ടായിരുന്നു. തബലയിൽ വിരൽച്ചിറകടികൾ മുഴങ്ങുന്പോൾ കടലിരന്പും, മഴപെയ്യും, കാറ്റുവീശും... കേൾവിക്കാർ ചിരലെങ്കിലും പറഞ്ഞുപോകും- വാഹ്.. താജ്!!
സ്പ്രിംഗ് പോലുള്ള മുടിയിഴകൾ അലസം തുള്ളുന്പോൾ അനന്യമായൊരു ചിരിവിടരും. വാഹ്!! അത് ഉസ്താദ് സാക്കിർ ഹുസൈനായിരുന്നു- തബലയുടെ മറുവാക്ക്! ആ ചിറകടിയും മഴയും കാറ്റും ഇനിയില്ല.
ചെറുപ്പംമുതൽക്കേ സാക്കിറിനും സംഗീതത്തോട് ഇഷ്ടക്കൂടുതലുണ്ടായിരുന്നു. മൂന്നാം വയസ് മുതൽ പിതാവിൽനിന്ന് പഖാവജ് പരിശീലിച്ചു. ഒരിക്കൽ സ്കൂളിൽ സാക്കിർ പങ്കെടുത്ത സംഗീത പരിപാടി അച്ഛൻ അല്ലാരഖാ കാണാനിടയായി. നിനക്കു തബല പഠിക്കണോയെന്ന് ആ ദിവസമാണ് അദ്ദേഹം മകനോടു ചോദിച്ചത്. വേണമെന്ന മറുപടിക്ക് ഒട്ടും താമസമില്ലായിരുന്നു. നല്ലകാര്യം!, നമുക്ക് നാളെ തുടങ്ങാം എന്നായിരുന്നു അല്ലാരഖായുടെ മറുപടി.
നെറുകയിൽ തൊട്ട്
തബലവാദനത്താൽ ലോകത്തിന്റെ നെറുകയിൽ തൊട്ടാണ് ഉസ്താദ് സാക്കിർ ഹുസൈൻ മടങ്ങുന്നത്. 73 വയസിന്റെ യുവത്വമുണ്ടായിരുന്നു കൂട്ടിന്. പത്മശ്രീ, പത്മഭൂഷണ്, ഗ്രാമി പുരസ്കാരങ്ങളടക്കം ഒട്ടേറെ അംഗീകാരങ്ങൾ നേടി. പ്രതിവർഷം 150ലേറെ കച്ചേരികളാണ് അദ്ദേഹം നടത്താറുള്ളത്. കച്ചേരികളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി പറയാറുണ്ട്: “അതൊരു സന്തോഷവും ഉത്സാഹവുമാണ്.......സ്വയം പുതുക്കലാണ്. അത് വല്ലാത്തൊരു ഊർജം നിറയ്ക്കും ഉള്ളിൽ. സ്വയം മുഴുകുന്പോൾ എന്തൊക്കെ ചെയ്യുമെന്നു പറയാനാകില്ല. അതുതന്നെയാണ് കച്ചേരികൾ നൽകുന്ന ആനന്ദം. അത് കേൾവിക്കാരുമായി പങ്കുവയ്ക്കുകയും ചെയ്യാം’’.