ഭരണഘടന മാറ്റി മനുസ്മൃതിക്കായി സവർക്കർ ശ്രമിച്ചെന്ന് രാഹുൽ
Sunday, December 15, 2024 1:35 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഭരണഘടന മാറ്റി മനുസ്മൃതി വേണമെന്നാണു ഹിന്ദുത്വ സൈദ്ധാന്തികനായ വിനായക് ദാമോദർ സവർക്കർ വിശ്വസിച്ചിരുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയിൽ ഇന്ത്യനായി ഒന്നുമില്ലെന്ന് പ്രസ്താവിച്ചയാളാണു സവർക്കറെന്നും മനുസ്മൃതിയാണു ഭരണകക്ഷിക്കാരുടെ നിയമമെന്നും ലോക്സഭയിൽ ഭരണഘടനാചർച്ചയിൽ പങ്കെടുത്ത് രാഹുൽ പറഞ്ഞു.
നമ്മുടെ ഭരണഘടനയിൽ ഇന്ത്യനായി ഒന്നുമില്ലെന്ന് തന്റെ രചനകളിൽ വി.ഡി. സവർക്കർ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഭരണഘടന സംരക്ഷിക്കുമെന്ന് ബിജെപി പറയുന്പോൾ സവർക്കറെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയാണെന്ന് രാഹുൽ പറഞ്ഞു. ആർഎസ്എസിന്റെ ആശയങ്ങളുടെ പരമോന്നത നേതാവായ സവർക്കറുടെ ഭരണഘടനയെക്കുറിച്ചുള്ള വ്യാഖ്യാനം ഉദ്ധരിച്ചുകൊണ്ടാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്.
രാഹുലിന്റെ പരാമർശങ്ങൾക്കെതിരേ ബിജെപി എംപിമാർ ബഹളം വച്ചങ്കിലും അദ്ദേഹം പിന്മാറിയില്ല. ബിജെപിയെ മഹാഭാരതത്തിലെ ദ്രോണാചാര്യരോടു താരതമ്യപ്പെടുത്തി, ഏകലവ്യന്റെ തള്ളവിരൽ മുറിച്ചതുപോലെ, യുവാക്കളുടെ അഭിലാഷങ്ങളെ ബിജെപി ഞെരുക്കുകയാണെന്ന് രാഹുൽ ആരോപിച്ചു.
സർക്കാർ ജോലികളിലേക്ക് ലാറ്ററൽ എൻട്രി കൊണ്ടുവന്നതിലൂടെ നിങ്ങൾ യുവാക്കളുടെയും പിന്നോക്ക വിഭാഗക്കാരുടെയും പാവപ്പെട്ടവരുടെയും പെരുവിരൽ മുറിക്കുകയാണ്. 70ഓളം ചോദ്യപേപ്പർ ചോർച്ചകൾ നടന്നു. ഇതിലൂടെയും യുവാക്കളുടെ പെരുവിരൽ വെട്ടിക്കളഞ്ഞു.
ഡൽഹിക്കു പുറത്ത് കർഷകർക്കു നേരേ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. കർഷകർക്കെതിരേ ലാത്തിച്ചാർജ് നടത്തി. കർഷകർ താങ്ങുവില (എംഎസ്പി) ആവശ്യപ്പെടുന്നു. എന്നാൽ അദാനിക്കും അംബാനിക്കും ലാഭമുണ്ടാക്കിക്കൊടുത്ത് കർഷകരുടെ തള്ളവിരൽ മുറിച്ചുകളയുകയാണ് ബിജെപി സർക്കാർ എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
അദാനിക്ക് ധാരാവി നൽകുന്പോൾ ധാരാവിയിലെ ചെറുകിട വ്യവസായികളുടെ പെരുവിരലാണു വെട്ടിമാറ്റുന്നത്. തുറമുഖങ്ങളും വിമാനത്താവളങ്ങളും അദാനിക്കു നൽകുന്നതിലൂടെ സത്യസന്ധരായ ബിസിനസുകാരുടെ പെരുവിരൽ മുറിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
ഹത്രാസ് കൂട്ടബലാത്സംഗക്കേസിലെ ഇരയായ പെണ്കുട്ടി വീട്ടിൽ അടച്ചിരിക്കുന്പോൾ പ്രതികൾ ഇപ്പോഴും സ്വൈരമായി ചുറ്റിക്കറങ്ങുകയാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.