ആദരവോടെ ആയിരങ്ങള്‍
Tuesday, December 17, 2024 1:59 AM IST
ന്യൂഡല്‍ഹി: സാക്കിര്‍ ഹുസൈന്റെ വേര്‍പാടില്‍ തേങ്ങി രാജ്യം. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവർ സാക്കിര്‍ ഹുസൈനെ അനുസ്മരിച്ചു.
സാക്കിർ ഹുസൈന്റെ വിയോഗം സംഗീതലോകത്തിനു തീരാനഷ്ടമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. അനിതരസാധാരണമായ സർഗവൈഭവം പ്രകടിപ്പിച്ച സംഗീതജ്ഞനാണദ്ദേഹം.
ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിൽ വിസ്മയം സൃഷ്ടിച്ച പ്രതിഭയാണു സാക്കിർ ഹുസൈനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
സംഗീതലോകത്തിനു തീരാനഷ്ടമാണു വിയോഗമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ എന്നും നിലനില്‍ക്കുമെന്നും രാഹുൽ പറഞ്ഞു.
സമാനതകളില്ലാത്ത സംഗീതവിസ്മയമാണ് സാക്കിർ ഹുസൈനെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. കാലങ്ങളോളം സംഗീതപ്രേമികളിൽ അദ്ദേഹം നിലനിൽക്കുമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
ലോകത്തിന് ഒരു ഇതിഹാസത്തെ നഷ്ടപ്പെട്ടു, എനിക്ക് ഒരു സഹോദരനെയും.
സാക്കിർ ഭായ് തബല മാസ്റ്റർ മാത്രമായിരുന്നില്ല, സംഗീതത്തിന്റെതന്നെ ഹൃദയസ്പന്ദനമായിരുന്നു. അദ്ദേഹത്തിന്റെ കൈകൾക്കു ലോകങ്ങൾ സൃഷ്ടിക്കാൻ കഴിയും ഓരോ നാദത്തിനും അദ്ദേഹം ആത്മാവ് പകർന്നു.
ഹരിഹരൻ
തകർന്നുപോയിരിക്കുന്നു.. എനിക്ക് ഗുരുവിനെയും അഭ്യുദയകാംക്ഷിയെയും പ്രചോദനവും നഷ്ടപ്പെട്ടു. എന്റെ സംഗീതത്തിന്റെ വലിയ പങ്കും അദ്ദേഹം കാരണമാണ്. നമ്മുടെ നാട്ടിലെ ഏറ്റവും വലിയ സംഗീതജ്ഞൻ ഇല്ലാതെയാണ് ഇനിയിപ്പോൾ സംഗീതലോകം മാറാൻ പോകുന്നത്. മറ്റൊരു സാക്കിർ ഹുസൈൻ ഉണ്ടാവില്ല.
ശങ്കർ മഹാദേവൻ
തബലയിൽ മായാജാലങ്ങൾ തീർത്ത് ലോകമെങ്ങുമെത്തിച്ച മഹാനായ കലാകാരനെയാണ് ഉസ്താദ് സാക്കിർ ഹുസൈന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത്. സംഗീതലോകത്തിനു തീരാനഷ്ടമാണ് ഈ വിയോഗം. അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി പ്രാർഥിക്കുന്നു.
രാജേഷ് ചേർത്തല