തോൽവികളിൽനിന്നു ശ്രദ്ധ തിരിക്കാൻ മോദി നെഹ്റുവിനെ ഉപയോഗിക്കുന്നു: കോണ്‍ഗ്രസ്
സ്വന്തം ലേഖകൻ
Monday, December 16, 2024 2:35 AM IST
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി തുടർച്ചയായി കടന്നാക്രമിക്കുന്നത് സ്വന്തം തോൽവികളിൽനിന്നു ശ്രദ്ധ തിരിക്കാനെന്നു കോണ്‍ഗ്രസ്. മോദി മൗനം പാലിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ വെല്ലുവിളികളിൽനിന്നു ശ്രദ്ധ തിരിക്കാൻ അദ്ദേഹത്തിന് നെഹ്റുവിന്റെ പേര് അത്യാവശ്യമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
നെഹ്റുവിനെ അപകീർത്തിപ്പെടുത്തുകയും ഏറ്റവും കുറഞ്ഞ ഭരണനിർവഹണവുമെന്നതാണ് മോദിയുടെ ഭരണമാതൃകയെന്ന് ജയ്റാം കുറ്റപ്പെടുത്തി. നെഹ്റു ഇല്ലായിരുന്നുവെങ്കിൽ മോദി എന്തു ചെയ്യുമായിരുന്നു.
നെഹ്റു എന്നൊരു വ്യക്തി ജീവിച്ചിരുന്നില്ലെങ്കിൽ അദ്ദേഹത്തെ നിർമിക്കേണ്ടത് ബിജെപിക്ക് അനിവാര്യമായി തീരുമായിരുന്നുവെന്നും ജയ്റാം പറഞ്ഞു. ലോക്സഭയിലെ ഭരണഘടനാ ചർച്ചയിൽ നെഹ്റു കുടുംബത്തെയും കോണ്‍ഗ്രസിനെയും മോദി കടന്നാക്രമിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമർശനം.