ഇ.വി.കെ.എസ്. ഇളങ്കോവന് നാടിന്റെ അന്ത്യാഞ്ജലി
Monday, December 16, 2024 2:35 AM IST
ചെന്നൈ: തമിഴ്നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഇവികെഎസ് ഇളങ്കോവന് നാടിന്റെ യാത്രാമൊഴി. ഇന്നലെ വൈകുന്നേരത്തോടെ മുഗളിവാക്കം വൈദ്യുതി ശ്മശാനത്തിൽ പൂർണസംസ്ഥാന ബഹുമതിയോടെയായിരുന്നു സംസ്കാരം. ശ്വാസതടസം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന മുൻ കേന്ദ്രമന്ത്രികൂടിയായ അദ്ദേഹം ശനിയാഴ്ചയാണ് അന്തരിച്ചത്.
ഇന്നലെ രാവിലെ തമിഴ്നാട് കോൺഗ്രസ് ആസ്ഥാനമന്ദിരമായ സത്യമൂർത്തി ഭവനിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, തമിഴ്നാട് പിസിസി അധ്യക്ഷ്യൻ കെ. സെൽവ പെരുന്തഗൈ ഉൾപ്പെടെ നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് വൈകുന്നേരത്തോടെയായിരുന്നു സംസ്കാരം.