ബംഗളൂരുവിൽ ടെക്കി ജീവനൊടുക്കിയ സംഭവം: ഭാര്യയും അമ്മയും സഹോദരനും അറസ്റ്റില്‍
Monday, December 16, 2024 2:35 AM IST
ബംഗളൂരു: ബംഗളൂരുവില്‍ ഐടി ജീവനക്കാരന് അതുല്‍ സുഭാഷ് ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യയും കുടുംബാംഗങ്ങളും അറസ്റ്റിലായി. ഭാര്യ നികിത സിംഘാനിയയെ ഹരിയാനയിലെ ഗുരുഗ്രാമില്‍നിന്നും നികിതയുടെ അമ്മ നിഷ സിംഘാനിയ, സഹോദരന് അനുരാഗ് സിംഘാനിയ എന്നിവരെ യുപിയിലെ പ്രയാഗ് രാജില്നിന്നുമാണ് ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭാര്യയുടെയും ഭാര്യാവീട്ടുകാരുടെയും പീഡനത്തെക്കുറിച്ച് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്യുകയും 24 പേജുള്ള വിശദമായ ആത്മഹത്യാക്കുറിപ്പ് എഴുതിവയ്ക്കുകയും ചെയ്തശേഷം യുപി സ്വദേശിയായ അതുല്‍ സുഭാഷ് ജീവനൊടുക്കിയത്.
അതുല്‍ സുഭാഷിന്റെ മരണത്തില്‍ ഭാര്യ നികിതയ്ക്കും വീട്ടുകാര്‍ക്കുമെതിരേ ബംഗളൂരു പോലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെ നിഷയും അനുരാഗും യുപിയിലേക്ക് കടക്കുകയായിരുന്നു.
നേരത്തെ അതുല്‍ സുഭാഷിന്റെ മരണത്തില്‍ നികിത, അമ്മ നിഷ, സഹോദരന് അനുരാഗ് , അമ്മാവന് സുശീല്‍ സിംഘാനിയ എന്നിവര്‍ക്ക് മൂന്നു ദിവസത്തിനകം അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബംഗളൂരു പോലീസ് സമന്‍സ് നല്‍കിയിരുന്നു.
സുശീല്‍ സിംഘാനിയ ഇപ്പോഴും ഒളിവിലാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിവാഹമോചനത്തിനായി ഭാര്യ നികിത മൂന്നു കോടി രൂപയും ജീവനാംശമായി മാസംതോറും രണ്ടു ലക്ഷം രൂപ വീതവും വേണമെന്ന് ആവശ്യപ്പെട്ടെന്നും പണം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി അതുല്‍ സുഭാഷിന്റെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. ഭാര്യാവീട്ടുകാരില്നിന്നു നിരന്തരം മാനസിക പീഡനം നേരിട്ടതായും അതുല്‍ സുഭാഷ് ആരോപിച്ചിരുന്നു.
കൊച്ചുമകനെക്കുറിച്ച് ആശങ്കയുമായി മുത്തച്ഛൻ
ന്യൂഡല്‍ഹി: ബംഗളൂരുവില്‍ ജീവനൊടുക്കിയ ഐടി ജീവനക്കാരന് അതുല്‍ സുഭാഷിന്റെ മകനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുത്തച്ഛന് പവന് കുമാര്‍. കുട്ടിയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും ജീവിച്ചിരിപ്പുണ്ടോയെന്നുതന്നെ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയെ തങ്ങളോടൊപ്പം കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നതെന്നും അതുല്‍ സുഭാഷിന്റെ അച്ഛന് മാധ്യമങ്ങള്‍ക്കുമുന്നില്‍ വികാരാധീനനായി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. നീതി ലഭിക്കുന്നതുവരെ മകന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യില്ല. ജാന്‍പുര്‍ കുടുംബക്കോടതിയില്‍ അതുലിന്റെ കേസ് കേള്‍ക്കുന്ന ജഡ്ജി അഴിമതിക്കാരനാണ്. ചെറുമകനെ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ല. 2020ല്‍ കുട്ടി ജനിച്ചു. നികിതയും അതുലും അടുത്ത വര്‍ഷം വേര്‍പിരിഞ്ഞു. - പവന് കുമാര്‍ പറഞ്ഞു.