പാർലമെന്റിൽ മോദിയും രാഹുലും നേർക്കുനേർ; മണിപ്പുർ, അദാനി, സംബാൽ വിഷയങ്ങൾ പരാമർശിക്കാതെ പ്രധാനമന്ത്രി
Sunday, December 15, 2024 1:35 AM IST
ന്യൂഡൽഹി: നെഹ്റുവിനെയും ഗാന്ധി കുടുംബത്തെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം കസേര സംരക്ഷിക്കാനാണു ഗാന്ധി കുടുംബം ശ്രമിച്ചതെന്ന് ലോക്സഭയിൽ നടന്ന ഭരണഘടനാ ചർച്ചയിന്മേലുള്ള മറുപടിപ്രസംഗത്തിൽ പ്രധാനമന്ത്രി ആരോപിച്ചു.
സ്വന്തം ഭരണം നിലനിർത്താനാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ കൊണ്ടുവന്നത്. ആയിരങ്ങളെ ജയിലിലടച്ചു, പ്രതികരിച്ചവരെ അടിച്ചമർത്തി, ജുഡീഷറിയെ അപര്യാപ്തമാക്കിയെന്നും മോദി ആരോപിച്ചു.
പ്രതിപക്ഷം ഉയർത്തിയ മണിപ്പുർ, അദാനി, സംബാൽ തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഒരു വാക്കുപോലും മിണ്ടാതെയായിരുന്നു പ്രധാനമന്ത്രിയുടെ ഒരു മണിക്കൂറും 45 മിനിറ്റും നീണ്ട പ്രസംഗം. കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരേ സംസാരിക്കാനാണു പ്രസംഗത്തിന്റെ ഭൂരിഭാഗം സമയവും മോദി ഉപയോഗിച്ചത്.
ഭരണഘടന ബലികഴിച്ചു
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ തീവ്രവാദികൾക്കൊപ്പം നിന്ന് ഭരണഘടനയുടെ ആത്മാവിനെ ബലികഴിച്ചുവെന്ന് മോദി കുറ്റപ്പെടുത്തി. ഭരണഘടനയുടെ ആത്മാവിനെ വ്രണപ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യുന്നത് നെഹ്റുവിന്റെ കാലം മുതലേ കോണ്‍ഗ്രസ് ശീലമാക്കിയതാണ്.
രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന്റെ കറ കോണ്‍ഗ്രസിന് ഒരുകാലത്തും കഴുകിക്കളയാൻ സാധിക്കില്ല. രാജ്യത്തിന്റെ വികസനത്തിന്റെ ഓരോ ഘട്ടത്തിലും ഗാന്ധി കുടുംബം ഭരണഘടനയെ വെല്ലുവിളിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടന തടസമാണെങ്കിൽ അതു ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയായിരിക്കുന്പോൾ നെഹ്റു മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയിരുന്നതായും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിന്റെ ഐക്യത്തിന് തടസമായതിനാൽ ആർട്ടിക്കിൾ 370 ബിജെപി സർക്കാർ നീക്കം ചെയ്തതെന്നും രാഷ്ട്രത്തിന്റെ ഐക്യമാണു തങ്ങളുടെ മുൻഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ പ്രത്യേകത. നാം നാനാത്വത്തെ ആഘോഷിക്കുന്നു. എന്നാൽ ചിലർ വൈവിധ്യത്തെ വിഷലിപ്തമാക്കാൻ ശ്രമിക്കുന്നു.
ആർട്ടിക്കിൾ 370 കാരണം ഇന്ത്യൻ ഭരണഘടന ജമ്മുകാഷ്മീരിൽ എത്തിയില്ല. രാജ്യത്തിന്റെ എല്ലാ കോണുകളിലും അത് എത്തിക്കണമെന്ന് തങ്ങൾ ആഗ്രഹിച്ചിരുന്നു. രാജ്യത്തെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു രാജ്യം ഒരു നികുതി മുന്നോട്ടുവയ്ക്കുന്ന ജിഎസ്ടി നടപ്പാക്കാൻ സാധിച്ചുവെന്നും രാജ്യത്തിന്റെ വികസനത്തിൽ ഇതു വലിയ പങ്ക് വഹിക്കുന്നുവെന്നും മോദി അവകാശപ്പെട്ടു.
സംവരണം ദുരുപയോഗിച്ചു
നെഹ്റുവിന്റെ കാലം മുതൽ സംവരണം ദുരുപയോഗം ചെയ്തെന്നും കോണ്‍ഗ്രസ് തങ്ങളുടെ വോട്ടുബാങ്കായി ജാതി ഉപയോഗിച്ചുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ, ഭരണഘടനാശില്പിയായ ഡോ. ബി.ആർ. അംബേദ്കർക്കു ദീർഘവീക്ഷണം ഉണ്ടായിരുന്നു. രാജ്യത്തിന്റെ ഒരു ഭാഗവും ദുർബലമാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകരുതെന്ന് അംബേദ്കർ തീരുമാനിച്ചു. എന്നാൽ കോണ്‍ഗ്രസ് തങ്ങളുടെ വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താൻ മതപരമായ സംവരണം നൽകിയെന്നും മോദി കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ വികസനത്തിനു തടയിട്ടത് കോണ്‍ഗ്രസാണ്. എന്നാൽ ബിജെപി രാജ്യത്തെ വികസനത്തിന്റെ കൊടുമുടിയിലെത്തിച്ചു. പാവപ്പെട്ടവരുടെ ഉന്നമനമായിരുന്നു തങ്ങളുടെ ലക്ഷ്യം, 2014 വരെ ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത കോടിക്കണക്കിന് ആളുകൾ രാജ്യത്ത് ഉണ്ടായിരുന്നു. മുൻ സർക്കാരിന്റെ നടപടികൾ മൂലമാണിത്. എന്നാൽ ബിജെപി സർക്കാർ അതിന് മാറ്റമുണ്ടാക്കി -പ്രധാനമന്ത്രി വ്യക്തമാക്കി.