രേഖകള്‍ വീണ്ടും നൽകണമെന്ന് ; കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍
Sunday, December 15, 2024 1:35 AM IST
ന്യൂഡല്‍ഹി: പഠനാനുമതി, വീ സ, മാര്‍ക്കും ഹാജരും ഉള്‍പ്പെടെ വിദ്യാഭ്യാസ രേഖകള്‍ തുടങ്ങിയവ വീണ്ടും സമര്‍പ്പിക്കാനുള്ള ഇ മെയില്‍ സന്ദേശം ലഭിച്ചതോടെ കാനഡയിലെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍.
രാജ്യത്തെ കുടിയേറ്റം, അഭയാര്‍ഥിപ്രശ്നങ്ങള്‍, പൗരത്വം എന്നിവയുടെ ചുമതലയുള്ള ഐആര്സിസിയാണ് രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടുവര്‍ഷത്തിനു മുകളില്‍ വീസ കാലാവധി ഉള്ളവരോടും രേഖകള്‍ തേടിയതായി സന്ദേശം ലഭിച്ച വിദ്യാർഥികൾ പറയുന്നു.
അന്യരാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് തടയുന്നതിന് കാനഡ തയാറെടുക്കുന്നതിനിടെയാണു പുതിയ സംഭവവികാസം. കഴിഞ്ഞയാഴ്ചയും ഏതാനും വിദ്യാര്‍ഥികള്‍ക്ക് സമാനമായ നിര്‍ദേശം ലഭിച്ചിരുന്നു. ഐആര്‍സിസി ഓഫീസില്‍ നേരിട്ടെത്തി രേഖകള്‍ നല്‍കാനായിരുന്നു ആവശ്യം. ഏകദേശം 4.2 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കാനഡയില്‍ പഠിക്കുന്നത്.