ഒരു രാത്രി ജയിലിൽ; അല്ലു അർജുൻ മോചിതനായി
Sunday, December 15, 2024 1:35 AM IST
ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസിംഗിനിടെ തിക്കിലും തിരക്കിലും വീട്ടമ്മ മരിച്ച സംഭവത്തിൽ അറസ്റ്റിലായ തെലുങ്ക് സൂപ്പർ താരം അല്ലു അർജുന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ജയിൽമോചനം.
ശനിയാഴ്ച രാവിലെ അറസ്റ്റിലായ നടന് അന്നുതന്നെ ആന്ധ്രപ്രദേശ് ഹൈക്കോടതി ജാമ്യം നൽകിയിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെയാണു ചഞ്ചൽഗുഡയിലെ ജയിലിൽനിന്ന് നടനു പുറത്തിറങ്ങാനായത്. ജാമ്യ ഉത്തരവിന്റെ പകർപ്പ് ജയിൽ അധികൃതർക്ക് ലഭിക്കാത്തതാണു മോചനം നീണ്ടത്.
ജൂബിലി ഹില്ലിലെ വീട്ടിൽ തിരിച്ചെത്തിയ താരം പിന്തുണയറിയിച്ച രാജ്യമെന്പാടുമുള്ള അനുയായികൾക്കു നന്ദിപറഞ്ഞു. നിയമം പൂർണമായും അനുസരിക്കുമെന്നും കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യുമെന്നും നടൻ വ്യക്തമാക്കി. നിർഭാഗ്യകരമായ സംഭവത്തിൽ മരണമടഞ്ഞ സ്ത്രീയുടെ കുടുംബത്തോടൊപ്പംതന്നെയാണെന്നു നടൻ ആവർത്തിക്കുകയും ചെയ്തു.
ജയിൽമോചിതനായ അല്ലുവിനെ സ്വീകരിക്കാന്‍ പിതാവ് അല്ലു അരവിന്ദും ഭാര്യാപിതാവ് കെ. ചന്ദ്രശേഖര്‍ റെഡ്ഡിയും ജയില്‍ പരിസരത്ത് എത്തിയിരുന്നു. ജയിലില്‍നിന്നിറങ്ങിയ ഉടൻ താരം സ്വന്തം നിര്‍മാണ കമ്പനിയായ ഗീത ആര്‍ട്സിന്റെ ഓഫീസിലേക്കു പോവുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ അല്ലുവിനെ ആരതി ഉഴിഞ്ഞാണ് വീട്ടുകാര്‍ സ്വീകരിച്ചത്. അല്ലു അര്‍ജുനെതിരേ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.