വയനാടിന് പ്രത്യേക പാക്കേജ്; പാർലമെന്റിനു മുന്നിൽ പ്രതിഷേധം
Sunday, December 15, 2024 1:35 AM IST
ന്യൂഡൽഹി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള എംപിമാർ പാർലമെന്റിനുമുന്നിൽ പ്രതിഷേധിച്ചു.
കേരളം ഇന്ത്യയിലാണെന്നും വയനാടിന് നീതി ലഭിക്കണമെന്നുമുള്ള മുദ്രാവാക്യമുയർത്തിയാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കേരള എംപിമാർ പ്രതിഷേധിച്ചത്. "വയനാടിന് നീതി നൽകൂ, വയനാടിന് ദുരിതാശ്വാസ പാക്കേജ് നൽകൂ’എന്നെഴുതിയ ബാനറും എംപിമാർ ഉയർത്തിയിരുന്നു.
രക്ഷാദൗത്യത്തിനു പണം ചോദിക്കുന്നത് ശരിയല്ലെന്നും കേന്ദ്രസർക്കാർ രാഷ്ട്രീയ സമീപനം അവസാനിപ്പിക്കണമെന്നും പ്രിയങ്ക പറഞ്ഞു. ദുരിതമനുഭവിക്കുന്നവർക്ക് കേന്ദ്രസഹായം നിഷേധിക്കുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്നും പ്രകൃതിദുരിതങ്ങളിൽ വിവേചനം പാടില്ലെന്നും പ്രിയങ്ക പറഞ്ഞു.
കോണ്ഗ്രസ് അധികാരത്തിലുള്ള ഹിമാചൽപ്രദേശിലും പ്രകൃതിദുരന്തത്തിൽ നാശനഷ്ടങ്ങൾ നടന്നിട്ടും സമാന നിലപാടാണു കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. സർക്കാരിന്റെ നടപടിയിൽ കേരള എംപിമാർ നിരാശയിലാണെന്നും സർക്കാർ രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിനുള്ള പണം കേന്ദ്രം ചോദിക്കുന്നത് മലയാളികളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കെ. രാധാകൃഷ്ണൻ എംപി പറഞ്ഞു. കേരളത്തെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനുമുള്ള ശ്രമമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.