സഭയിൽ നിർമല-ഖാർഗെ പോര്
Tuesday, December 17, 2024 1:59 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാക്കളെ സംരക്ഷിക്കാനും അധികാരം നിലനിർത്താനുമാണ് മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും ഭരണഘടനാ ഭേദഗതികൾ കൊണ്ടുവന്നതെന്നും ജനാധിപത്യം ശക്തിപ്പെടുത്താനല്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
ഭരണഘടനയെയോ ദേശീയ പതാകയെയോ ബിജെപി ഒരിക്കലും ബഹുമാനിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ കേന്ദ്രസർക്കാരിനു കീഴിൽ ഭരണഘടന അപകടത്തിലാണെന്നും കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ.
ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യസഭയിൽ ഇന്നലെ തുടങ്ങിയ പ്രത്യേക ചർച്ചയിലാണ് നിർമലയും ഖാർഗെയും നേർക്കുനേർ കൊന്പു കോർത്തത്.
കോണ്‍ഗ്രസ് നേതാക്കൾക്കും മുൻ സർക്കാരുകൾക്കുമെതിരേ രൂക്ഷ വിമർശനങ്ങളാണ് ചർച്ച തുടങ്ങിയ ധനമന്ത്രി നിർമല ഉയർത്തിയത്.
കോണ്‍ഗ്രസിന്റെ 50 വർഷത്തെ സാന്പത്തികനയങ്ങൾ സന്പദ്ഘടനയെ ശക്തിപ്പെടുത്തിയില്ലെന്നും കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നുവെന്നും നിർമല ആരോപിച്ചു. സഖ്യകക്ഷികളുടെ സമ്മർദത്തിനു വഴങ്ങി വനിതാ സംവരണ ബിൽ പാസാക്കാതിരുന്ന കോണ്‍ഗ്രസ് സ്ത്രീവിരുദ്ധമായിരുന്നുവെന്നും അവർ കുറ്റപ്പെടുത്തി.
ഭരണഘടനയെ അനാദരിച്ചവരാണ് ഇന്ന് കോണ്‍ഗ്രസിനെ പഠിപ്പിക്കുന്നതെന്ന് മല്ലികാർജുൻ ഖാർഗെ തിരിച്ചടിച്ചു. രാജ്യത്തിനുവേണ്ടി പോരാടാത്തവർക്കു സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനയുടെയും പ്രാധാന്യം മനസിലാക്കാൻ കഴിയില്ല.
സംസ്ഥാനങ്ങൾക്ക് ജവഹർലാൽ നെഹ്റു എഴുതിയ കത്തിനെ ലോക്സഭയിലെ പ്രസംഗത്തിൽ തെറ്റിദ്ധരിപ്പിച്ചതിന് പ്രധാനമന്ത്രി മോദി മാപ്പു പറയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
കഴിഞ്ഞ 11 വർഷമായി വാഗ്ദാനങ്ങൾ പാലിക്കാതിരിക്കുകയും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും വലിയ നുണയനാണെന്ന് നിർമലയ്ക്കു തൊട്ടുപിന്നാലെ പ്രസംഗിച്ച പ്രതിപക്ഷ നേതാവ് പറഞ്ഞു. രാജ്യത്തെയും ഭരണഘടനയെയും ശക്തിപ്പെടുത്താൻ കഴിഞ്ഞ 11 വർഷം എന്തു ചെയ്തുവെന്ന് പ്രധാനമന്ത്രിക്കു പറയാമായിരുന്നു.
തെരഞ്ഞെടുപ്പു പ്രചാരണത്തിനും വിദേശയാത്രകൾക്കും യഥേഷ്ടം പോകുന്ന മോദിക്ക്, മണിപ്പുരിൽ ഇപ്പോഴും തുടരുന്ന അക്രമങ്ങൾ അവസാനിപ്പിക്കാനോ മണിപ്പുർ സന്ദർശിക്കാനോ താത്പര്യമില്ലെന്നു ഖാർഗേ ചൂണ്ടിക്കാട്ടി. ഇന്നലെ രാത്രി വരെ നീണ്ട ചർച്ചകൾ ഇന്നും തുടരും.