ഐതിഹ്യവും പ്രേതകഥകളും ശാസ്ത്രവുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന ഒരു പ്രകൃതി പ്രതിഭാസമാണ് "അലേയ ഗോസ്റ്റ് ലൈറ്റ്സ്’ അഥവാ ബംഗാള്‍ ലൈറ്റ്സ്. ചതുപ്പുനിറഞ്ഞ തണ്ണീര്ത്തടങ്ങള്ങ്ങളുടെ മുകള്‍പ്പരപ്പില്‍ കാണുന്നതിനാല്‍ മാര്‍ഷ് ഗോസ്റ്റ് ലൈറ്റ് എന്ന പേരും ഇതിനുണ്ട്. പേരു സൂചിപ്പിക്കുന്നതു പോലെ ബംഗാളിലെ സുന്ദര്‍ബന്‍ ഡെല്‍റ്റ പ്രദേശങ്ങളിലാണ് ബംഗാള്‍ ലൈറ്റ്സ് ദൃശ്യമാകുന്നത
ബംഗാളിലെ ഗ്രാമീണ ജീവിതവും സംസ്കാരവുമായി അലേയ ലൈറ്റ്സിന് നൂറ്റാണ്ടുകളുടെ ബന്ധമാണുള്ളത്. മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ ദൃശ്യമാകുന്ന ഈ അജ്ഞാത വെളിച്ചത്തിന്റെ രൂപത്തിലും സ്വഭാവത്തിലുമുള്ള അസ്ഥിരത ഇതിന് കൂടുതല്‍ ദുരൂഹത സമ്മാനിക്കുന്നു.
ചിലപ്പോള്‍ നിശ്ചലമായി നില്ക്കുന്ന വെളിച്ചം ചിലപ്പോള്‍ വെള്ളത്തിനുമുകളില്‍ തുള്ളിക്കളിക്കുന്നതായും മറ്റുചിലപ്പോള്‍ മിന്നിമറയുന്ന പ്രകാശ ഗോളങ്ങളായും കാണപ്പെടുന്നു.
ഗതികിട്ടാതെ അലയുന്ന ആത്മാക്കളും മീന്‍പിടിത്തക്കാരുടെ പ്രേതങ്ങളുമാണ് പ്രകാശരൂപത്തിലെത്തുന്നതെന്നാണ് തദ്ദേശീയരായ ബംഗാളികളുടെ വിശ്വാസം. നിരവധി മത്സ്യത്തൊഴിലാളികള്‍ ചതുപ്പില്‍ മുങ്ങിമരിച്ചതും അവരെ കൃത്യമായി സംസ്കരിച്ചിട്ടില്ലാത്തതും അങ്ങനെ വിശ്വസിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നു.
ഇതിനോടനുബന്ധിച്ച നിരവധി വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. രാത്രിയില്‍ പ്രകാശരൂപത്തിലെത്തുന്ന പ്രേതങ്ങള്‍ മീൻപിടിത്തക്കാരെയും യാത്രക്കാരെയും ആകര്‍ഷിച്ച് അവരുടെ വഴിതെറ്റിച്ച് വെള്ളക്കെട്ടുകളുള്ള ശവക്കുഴികളിലേക്ക് നയിക്കുകയോ അവരുടെ മനോനില തെറ്റിക്കുകയോ ചെയ്യുന്നുവെന്നു വിശ്വസിക്കുന്ന ധാരാളം പേര് ഇവിടെയുണ്ട്.
അതേസമയം ഇതിനു വിപരീതമായ വിശ്വാസം പേറുന്നവരെയും കാണാം. ഇവിടെയുള്ളത് നല്ലവരായ ആത്മാക്കളാണെന്നും, ആളുകള്‍ ആപത്തില്‍ പെടാതെ ശരിയായ വഴികാണിക്കാനാണ് രാത്രികാലങ്ങളില്‍ ഇവര്‍ പ്രത്യക്ഷപ്പെടുന്നതെന്നുമാണ് ഇത്തരക്കാര്‍ വിശ്വസിക്കുന്നത്.
എന്തൊക്കെയായാലും ഒരു അദ്ഭുതക്കാഴ്ച തന്നെയാണ് ബംഗാള്‍ ലൈറ്റ്സ്. എന്നാല്‍ ഈ പ്രതിഭാസം ബംഗാളില്‍ മാത്രമല്ല ലോകത്തിന്റെ മറ്റു ചിലയിടങ്ങളിലും കാണപ്പെടാറുണ്ട്, അതും നൂറ്റാണ്ടുകളായി. "വില്ലോ ദി വിസ്പ്’ എന്നാണ് സമാനമായ പ്രതിഭാസത്തെ യുകെയില്‍ വിളിക്കുന്നത്. "ജാക് ഒ ലാന്റേണ്‍’ എന്ന പേരിലാണ് അയര്‍ലന്‍ഡില്‍ അറിയപ്പെടുന്നത്. "ഇഗ്നിസ് ഫാറ്റൂസ്’ എന്ന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും വിളിക്കപ്പെടുന്നു. തായ്്ലന്ഡുകാര്ക്ക് ഇത് "നാഗ ഫയര്ബോള്സ്’ആണ്.
കാലാന്തരത്തില്‍ ഐതിഹ്യങ്ങള്‍ക്കപ്പുറം യുക്തിപരമായ ശാസ്ത്രവിശകലനങ്ങള്‍ ഈ പ്രതിഭാസത്തെപ്പറ്റിയുണ്ടായി. ചതുപ്പുനിലത്തില്‍ നിന്നുയരുന്ന വാതകങ്ങള്‍ക്ക് തീ പിടിക്കുന്നതാണ് ഇങ്ങനെയൊരു പ്രതിഭാസത്തിന് കാരണമെന്ന് ചില ശാസ്ത്രകാരന്മാര് കണ്ടെത്തുകയായിരുന്നു.
പ്രധാനമായും സസ്യജന്തുജാലങ്ങളുടെ അവശിഷ്ടങ്ങള്‍ ഓക്സിജന്‍ കുറവുള്ള മണ്ണില്‍ക്കിടന്ന് അഴുകുമ്പോള്‍ മീഥെയ്ന്‍, ഫോസ്ഫീന്, ഡൈഫോസ്ഫെയ്ന് തുടങ്ങിയ വാതകങ്ങള്‍ പുറത്തേക്കു വരികയും, അത് ഓക്സിജനുമായി ചേര്‍ന്ന് കത്തുന്നതിന്റെ ഫലമായി വിവിധ വര്‍ണത്തിലുള്ള തീയുണ്ടാവുകയും ചെയ്യുന്നു.
ഇങ്ങനെ ചതുപ്പിന്റെ ഉപരിതലത്തോടുചേര്ന്ന് ജ്വലിക്കുന്ന അഗ്നിവാതകങ്ങളുടെ പുറന്തള്ളലിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍മൂലം വിവിധ ഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു. ഇതാണ് ആളുകള്‍ പ്രേതമായി തെറ്റിദ്ധരിക്കുന്നതെന്നാണ് കണ്ടെത്തല്‍.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ പ്രേതജ്വാലയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നുതുടങ്ങിയത്. ബ്രിട്ടീഷ് പര്യവേഷകരും ശാസ്ത്രജ്ഞരും തങ്ങളുടെ കുറിപ്പുകളില്‍ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നു. പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികള്‍ തലമുറകളായി ഈ വിചിത്ര പ്രകാശത്തെപ്പറ്റി അറിവുള്ളവരാകയാല് യുവനാവികര്ക്ക് മുന്നറിയിപ്പായി അവര്‍ വാമൊഴിയായി പൊടിപ്പും തൊങ്ങലുംവച്ച് ഭീതിജനകമായ കഥകള്‍ പകര്‍ന്നുകൊടുത്തു കൊണ്ടിരുന്നു.
ഇപ്പോഴും ഈ പ്രതിഭാസം ഇവിടെയുണ്ട്. സഞ്ചാരികളും ഛായാഗ്രാഹകന്മാരുമടക്കം ഈ അജ്ഞാത പ്രകാശത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുമുണ്ട്. എന്തൊക്കെ ശാസ്ത്രീയ വിശകലനങ്ങള്‍ നടത്തിയാലും ഇതുമായി ബന്ധപ്പെട്ട പ്രേതകഥകള്‍ക്ക് ഇന്നും പഞ്ഞമില്ല.
അജിത് ജി. നായർ
Tags : sunday news