എങ്ങനെയാണ് ക്രിസ്തീയ ഭക്തിഗാനങ്ങള്‍ കൂടുതൽ എഴുതാനുള്ള സാഹചര്യമുണ്ടായത്?
ചിലപ്പോള്‍ ആരെങ്കിലും ആവശ്യപ്പെടുമ്പോള്‍ രചനയിലേക്ക് അറിയാതെ മനസു ചായുന്നു. മറ്റു ചിലപ്പോള്‍ വിശ്വോത്തരമായ ക്രിസ്തുമുഖത്തിന്റെ അലൗകിക ചൈതന്യം നോക്കിയിരിക്കുമ്പോള്‍ കവിത ഉള്ളില്‍ നിറയുന്നു. കാലാതിവര്‍ത്തിയായ കലയുടെ വിഭിന്ന ഭാവങ്ങളില്‍ തൂലിക ചലിച്ച വഴിയിലെവിടെയോ ആസ്വാദകനും ആരാധകനുമായി ഞാനുമുണ്ട്.
ദേവാലയങ്ങളിലെ വലിയ കാന്‍വാസില്‍ നീലാകാശത്തിനുകീഴെ വേദനയുടെ കടല്‍ കണ്ണിലൊളിപ്പിച്ച ഒരാള്‍ മൗനാനുകമ്പയുടെ മൂര്‍ത്തീമദ്ഭാവമായി മനഃസാക്ഷിയോടൊപ്പം എന്നും ജീവിക്കുന്നുണ്ട്. അധികാരത്തിന്റെ അന്ധതയ്ക്ക് സത്യം എടുക്കാച്ചരക്കായ വ്യവസ്ഥിതിയിലെല്ലാം നിരപരാധിത്വം കുരിശേറിയിട്ടുണ്ട്. ചാട്ടവാറുകള്‍, മുൾമുടികള്‍, കുന്തങ്ങള്‍, പരിഹാസങ്ങള്‍, അവഹേളനങ്ങള്‍ ഇവയെല്ലാം ഹൃദയത്തിന്റെ നിലവിളികള്‍കേട്ട് അട്ടഹസിച്ചിട്ടുണ്ട്.
എന്നിട്ടും ഒരേയൊരു ബിംബം ഇന്നും എന്നും നീതിമാന്റെ നിഷ്കളങ്കതയുമായി മനുഷ്യബോധത്തിലുണ്ട്. ഗാനം രൂപപ്പെടുമ്പോള്‍ യേശുവിന്റെ വിക്ഷുബ്ധവും വിശുദ്ധവുമായ ജീവിതം എന്റെ സ്മൃതിപഥത്തില്‍ ഉദിച്ചുയരുന്നു. കരുണയുടെ അക്ഷരങ്ങള്‍ എന്നെ അനുഗ്രഹിക്കുന്നു. അത് ഞാനറിയാതെ ആത്മാവില്‍ സംഭവിക്കുന്ന സര്ഗനൊമ്പരത്തിന്റെ താദാത്മ്യ പശ്ചാത്തലം സൃഷ്ടിക്കുന്നു. മുപ്പതു വെള്ളി മോഹിച്ച് സത്യത്തെ ഒറ്റുകൊടുത്തവരുടെ ഗതികെട്ട ചിത്തഭ്രമം കപടലോകം കണ്ടേ പറ്റൂ. കവികളടെ ഹൃദയം യേശുവിനെയോര്‍ത്ത് ഉരുകണം.
ടോമിന് തച്ചങ്കരി സംഗീതം നല്കി യേശുദാസും ചിത്രയും മറ്റും ആലപിച്ച് പുറത്തിറങ്ങിയ "വചനം’ എന്ന കാസറ്റിലെ ഗാനങ്ങളാണ് ഏറെ പ്രശസ്തമായത് എന്നു തോന്നുന്നു?
സത്യമാണ്. യേശുദാസും ചിത്രയും എം.ജി. ശ്രീകുമാറും ഉണ്ണിമേനോനുമൊക്കെ "വചന’ത്തില്‍ പാടിയിട്ടുണ്ട്. ഒരുപക്ഷേ, ഗാനങ്ങൾ പ്രശസ്തമാകാന് കാരണം അവരുടെ അനുഗൃഹീത നാദം കൂടിയാകണം. "രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ...’ എന്ന ഗാനം ദാസേട്ടനും ചിത്രച്ചേച്ചിയും ആലപിച്ചിരുന്നു.
ഏഷ്യാനെറ്റില്‍ വചനത്തിലെ ചില ഗാനങ്ങള്‍ മനോഹരമായി ദൃശ്യവല്ക്കരിച്ച് സംപ്രേഷണം ചെയ്തിട്ടുണ്ട്. അതിന്റെ ഷൂട്ടിംഗ് സ്ക്രിപ്റ്റ് എഴുതിയതും ഞാന്‍തന്നെയാണ്. എന്‍.പി. പ്രഭാകരനാണ് അതിന്റെ ദൃശ്യസംവിധാനത്തിനു നേതൃത്വം നല്‍കിയത്.
കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ക്രിസ്തീയ ദേവാലയങ്ങളില്‍ വചനത്തിലെ ഗാനങ്ങള്‍ പോപ്പുലര്‍ ഹിറ്റായി. ഹൃദയമുരുകുന്ന നാദസൗഭാഗ്യം ഓരോ വാക്കിനെയും ലയിപ്പിച്ചുവെന്ന് പറയുന്നതാണ് ശരി. ദാസേട്ടന് ഗാനമേളകളില്‍ ആദ്യത്തെ ഗാനമായി "രക്ഷകാ....’ തെരഞ്ഞെടുത്തതോടെ ആയിരക്കണക്കിന് ആരാധകര്‍ അതേറ്റുപാടി.
ടോമിന് തച്ചങ്കരി മാത്രമല്ല എന്‍.പി. പ്രഭാകരന്, കൊട്ടാരക്കര ശിവകുമാര്‍, കെ.ജി. മാര്‍ക്കോസ്, വിദ്യാധരന് മാഷ്, ബിജു നാരായണന്, ബേണി ഇഗ്നേഷ്യസ്, ഫാ. ജോണ്‍ മണ്ണാറത്തറ, ചെങ്ങന്നൂര്‍ ശ്രീകുമാര്‍ തുടങ്ങിയ പ്രഗത്ഭരൊക്കെ ക്രിസ്തീയ ഭക്തിഗാനരംഗത്ത് പല കാലങ്ങളില്‍ സഹകരിച്ചിട്ടുള്ളവരാണ്. പോള്‍ മണലില്‍ ഏറെ പ്രോല്‍സാഹനം നല്‍കിയിട്ടുണ്ട്.
എങ്ങനെയായിരുന്നു വചനം പാട്ടെഴുത്തിന്റെ പശ്ചാത്തലം?
ടോമിന് തച്ചങ്കരിയുടെ ക്ഷണമനുസരിച്ച് കോട്ടയത്തെത്തി. അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു താമസം. എഴുത്തുമുറിയില്‍ ക്രിസ്തുവിന്റെ വലിയ ചിത്രം. വയലിന് ജേക്കബ് എന്ന സംഗീതകലാകാരന് ഒപ്പം. തച്ചങ്കരി ഒരു കാസറ്റില്‍ ട്യൂണ്തന്ന് ഔദ്യോഗിക ആവശ്യത്തിനു പുറത്തുപോയി. പലപ്രാവശ്യം ട്യൂണ്‍ കേട്ടു.
തലയ്ക്കു മുകളിലെ ക്രൂശിതന്റെ മുഖം നോക്കിയിരുന്നു. ഓരോവാക്കും എവിടെനിന്നോ പറന്നുവന്ന് കടലാസില്‍ പതിഞ്ഞു. വാക്കും സംഗീതവും പൊരുത്തപ്പെടുന്നുണ്ടോ എന്ന് ഞങ്ങള്‍ അപ്പപ്പോള്‍ പാടി നോക്കി.
രാത്രിയുടെ നിശബ്ദതയില്‍, പണ്ടെന്നോ വായിച്ചറിഞ്ഞ ക്രിസ്തുവിന്റെ ദിവ്യമായ ആത്മീയ ചരിത്രകഥയ്ക്ക് വെളിപാടുപോലെ പദങ്ങള്‍ പിറന്നുവെന്നേ ഇപ്പോള്‍ തോന്നുന്നുള്ളൂ. സമയം പോയതറിഞ്ഞതേയില്ല. കിഴക്കു വെള്ളകീറുന്നത് ജനല്തിരശീല നീക്കി തിരിച്ചറിഞ്ഞു. ഒരു പൂര്‍ണ രാത്രി "വചനം’ എന്ന കാസറ്റിലെ ഗാനങ്ങള്‍ക്കായി ബലിയര്പ്പിച്ചുകഴിഞ്ഞു. വല്ലാത്തൊരു തൃപ്തിയായിരുന്നു അത്. പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി.
വചനത്തിലെ ഗാനങ്ങളുടെ പ്രത്യേകത?
ആത്മാവിനെ അഗാധമായി സ്പര്‍ശിക്കുന്ന എന്തോ ഒരു അനുഗ്രഹം എന്നേ എനിക്കു വിശദീകരിക്കാനാവൂ. ഏകാഗ്രമായ പ്രാര്‍ഥനയില്‍ അശരീരിപോലെ ഗാനം മനസിനെ ആര്ദ്രമാക്കുന്നു. ശുദ്ധമായ ഭാഷയും സംഗീതവും ചേര്‍ന്ന ലയം ഗായകരുടെ പൂര്‍ണ സമര്‍പ്പണത്തോടൊപ്പം ആസ്വാദകരിലെത്തി. നല്ല റെക്കോര്‍ഡിംഗ്, പബ്ലിസിറ്റി, വിതരണം, വില്പന, എല്ലാറ്റിലും ടോമിന് തച്ചങ്കരി വിജയം വരിച്ചു. ആസ്വാദകരുടെ അംഗീകാരം എമ്പാടും ലഭിച്ചു.
ജനം സ്വീകരിച്ച കലാസൃഷ്ടിയാണല്ലോ ചിരഞ്ജീവിതത്തിനു യോഗ്യത നേടുക. ഗാനങ്ങളിറങ്ങി ഇത്രവര്ഷങ്ങള്ക്കുശേഷം രചയിതാവിനെത്തേടി ഒരാള്‍ വരണമെങ്കില്‍ അതൊരു പ്രത്യേകതയല്ലേ? ഉയിര്‍പ്പിന്റെ നിശ്ചയം ക്രിസ്തുവില്‍ നിക്ഷിപ്തമല്ലോ.
ഭക്തിഗാനങ്ങളുടെ പ്രസക്തി എന്തൊക്കെ? ആസ്വാദനം പഴയതുപോലെ ഇന്നുമുണ്ടോ?
ക്രിസ്തീയ ഗാനങ്ങള്ക്കെന്നല്ല, ഏതു രാജ്യത്തും ഏതു കാലത്തും ഏതു മനുഷ്യര്‍ക്കും പ്രകൃതിക്കും ആകര്‍ഷകമായ സ്വരമാധുര്യം പ്രിയങ്കരമായി അനുഭവപ്പെടുന്നു. ദുഃഖത്തിലും സുഖത്തിലും ആരാധനയിലും ഭക്തിയിലും വിപ്ലവത്തിലുമെല്ലാം പാട്ട് പശ്ചാത്തലത്തിലുണ്ട്.
പ്രണയത്തിലും വിരഹത്തിലും പ്രപഞ്ചവര്ണനയിലും വികാര നിര്വചനങ്ങളിലുമെല്ലാം പാട്ട് സ്വാധീനം ചെലുത്തുന്നു. മതബോധനത്തിലും ജനമുന്നേറ്റത്തിലും പ്രതിഷേധത്തിലും ജ്ഞാനദര്ശനങ്ങളിലും ഗാനമാധ്യമം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
നാടകവും നാട്ടുകലകളും ചലച്ചിത്രവുമെല്ലാം പാട്ടിന്റെ വിളനിലമാണ്. ക്രിസ്തീയസമൂഹത്തിനു നിത്യാരാധനയില്‍ ദേവാലയങ്ങളിലെല്ലാം ഗാനാര്പ്പണമുണ്ട്. ചെറുപ്പത്തില്‍ എന്റെ നാട്ടിലെ ക്രിസ്തീയ ഭവനങ്ങളില്‍ എല്ലാ ദിവസവും മനോഹരമായ പാട്ടുകേട്ട ഓര്‍മയുണ്ട്. ഏകാഗ്രമായി വായിച്ചുനോക്കുക, ബൈബിള്‍ പൂര്‍ണമായും കാവ്യവചസായി അനുഭവപ്പെടും. "സൃഷ്ടിയില്‍ മകുടം മനുഷ്യനത്രെ!’ എന്ന ഒറ്റ വാചകം മതിയല്ലൊ കാവ്യാത്മകമായി മനുഷ്യനെ വിലയിരുത്താന്‍.
ഗാനാസ്വാദനത്തിനു പഴയതുപോലെ പ്രചാരമുണ്ടോ എന്നു ചോദിച്ചാല്‍ ഉത്തരം ഉണ്ട് എന്നുതന്നെയാണ്. തിരക്കേറിയ ജീവിതചര്യയില്‍ ക്ഷമയോടെ അര്‍ഥമറിഞ്ഞ് ആസ്വദിക്കുന്ന രീതി മാറിയോ എന്നു സംശയം. ചടുലവേഗത്തില്‍ വാക്കുകളുടെയും പശ്ചാത്തലസംഗീതത്തിന്റെയും കാതടപ്പിക്കുന്ന കോലാഹലത്തില്‍നിന്ന് ഗാനം പ്രതിഫലിപ്പിക്കുന്ന ആശയം നഷ്ടപ്പെടുന്നുണ്ടെന്ന് തോന്നുന്നു. എങ്കിലും ഗാനം എന്ന ലളിതമായ കലാരൂപത്തിന് ഇന്നും ജനകീയമായി വലിയ പ്രചാരമുണ്ട്. പ്രത്യേകിച്ച് ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍.
ഗാനരംഗത്തെ മറക്കാനാവാത്ത അനുഭവം?
എത്രയെങ്കിലുമുണ്ട്. "കാല്‍വരിക്കുന്നിലെ കാരുണ്യമേ കാവല്‍ വിളക്കാവുക...’ എന്ന ഗാനം ആലപിക്കുമ്പോള്‍ അള്‍ത്താരയിലെ ദുഃഖിതനായ യേശുവിനും മെഴുകുതിരിനാളങ്ങള്ക്കും മുന്നില്‍ കണ്ണീര് വാര്‍ത്ത കെ.എസ്. ചിത്രയുടെ ആത്മാര്‍ഥതയെ ഞാനൊരിക്കലും മറക്കുകയില്ല.
വചനത്തിലെ ഗാനങ്ങള്‍ ഞാന്‍ എഴുതിയതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ദുബായ് ദേവാലയത്തിലെ പുരോഹിതന് പറഞ്ഞ നല്ല വാക്കുകളും സമ്മാനമായി വിരലില്‍ അണിയിച്ച പച്ചക്കല്ലു പതിച്ച വെള്ളിമോതിരവും മറക്കുവതെങ്ങനെ?
"രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ...’ എന്ന പാട്ടുകേട്ടാണ് എന്റെ മോന് ലോകത്തോടു വിടചൊല്ലിയതെന്നു പറഞ്ഞു നിലവിളിച്ച ഒരമ്മച്ചി എന്റെ ഓര്‍മയില്‍ കണ്ണീര്തൂകുന്നുണ്ട്. Being a Hindu how could you write Christian devotional songs so beautifully എന്നായിരുന്നു വിദേശിയായ ഒരാളിന്റെ വിസ്മയം. "അതാണ് കേരളീയത’ എന്നേ മറുപടി പറയാന്‍ കഴിഞ്ഞുള്ളൂ.
നിത്യവും എന്റെ രചന കേള്‍ക്കുന്ന ഒരപ്പച്ചന് കോഴിക്കോട് പേരാമ്പ്രയിലെ അദ്ദേഹത്തിന്റെ വീട്ടില്‍വച്ച് എനിക്കൊരുപദേശം തന്നു. "മോനേ, പറ്റുമെങ്കില്‍ ഇതുപോലെ കുറച്ചു പാട്ടെഴുതണം’! പിന്നെ അദ്ദേഹം പാട്ടുകേള്‍പ്പിച്ച് ചാരുകേസരയില് താളം പിടിച്ചു കണ്ണടച്ച് കിടന്നു.
"അപ്പച്ചാ, ഇതു ഞാനെഴുതിയ പാട്ടുകളാണ് ’ ഞാന്‍ പറഞ്ഞു. അപ്പച്ചനു വിശ്വാസം വരുന്നില്ല. കാസറ്റില്‍ ടോമിന് തച്ചങ്കരിയുടെ വലിയ ഫോട്ടോയും യേശുദാസിന്റെ ഫോട്ടോയും മാത്രം. മറുപുറത്ത് താഴെയറ്റത്ത് രചന പി.കെ. ഗോപി എന്നുണ്ട്. അപ്പച്ചന് കണ്ണട നേരേയാക്കി കാസറ്റ് തിരിച്ചും മറിച്ചുംനോക്കി ബോധ്യപ്പെടുന്നു. എന്നെ കെട്ടിപ്പിടിക്കുന്നു. അഭിനന്ദിക്കുന്നു.
പിന്നെ വാനോളം വാഴ്ത്തുകേട്ട് ഞാൻ മടങ്ങുന്നു. ഇങ്ങനെ എത്രയെത്ര സന്ദര്‍ഭങ്ങള്‍. ഇപ്പോഴും സമാനമായ ചില സന്ദര്‍ഭങ്ങളെ നേരിടാറുണ്ട് എന്നുള്ളത് സ്വകാര്യമായി പറയട്ടെ. ആരെയും പഴി പറയാനില്ല. അനര്‍ഹമായതു കവര്ന്നെടുക്കാനുമില്ല. ആര്‍ക്കുവേണമെങ്കിലും സ്വന്തം മനഃസാക്ഷിയെ മുന്നില്‍ നിര്‍ത്തി ഇങ്ങനെ പാടാം.
"രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ...’ അതൊരു വലിയ സത്യമല്ലേ ? ഓരോ പ്രാര്‍ഥനയും സത്യത്തിന്റെ വിശുദ്ധമായ അപേക്ഷയാണ്! അവനവന്റെ പാപം അവനവന്‍തന്നെ കഴുകിക്കളയുന്ന സ്വകാര്യമായ പവിത്ര നിമിഷങ്ങള്‍!!
കമ്യൂണിസ്റ്റ് ആശയം മനസിലുള്ള ആളായിട്ടും ക്രിസ്തീയതയോട് ആഭിമുഖ്യം തോന്നാന്‍ കാരണം?
മനുഷ്യത്വം അല്ലാതെന്ത്. വിമോചനത്തിന്റെ നാട്ടുപാഠങ്ങള്‍, ദുരധികാരത്തിനെതിരേയുള്ള ചെറുത്തുനില്പ്, നീതിയുടെ കര്‍മപഥങ്ങളില്‍ ആരെയും ഭയക്കാത്ത നിലപാട്, ത്യാഗസഹനങ്ങളുടെ വഴിയില്‍ അനശ്വരമായ മനുഷ്യ മാതൃക, ഏഴകളുടെ തോഴന്, അടിച്ചമര്‍ത്തപ്പെട്ടവരോടൊപ്പം നിലകൊണ്ടവന്, "പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന് പുരുഷാരത്തോട് ചങ്കൂറ്റത്തോടെ വിളിച്ചുപറഞ്ഞവന്‍...
പോരേ, എന്റെ ആഭിമുഖ്യത്തിന്റെ ധാര്‍മിക പശ്ചാത്തലത്തില്‍ ക്രിസ്തു ഒളിമങ്ങാത്ത പ്രതീകമാവുന്നു. പ്രത്യാശയുടെ ഉയിര്ത്തെഴുന്നേല്പിന് വെളിപാടും വെളിച്ചവുമായി ഒരാള്‍. പുത്തന്‍കാവ് മാത്തന്തരകന് എഴുതിയ "ബൈബിള്‍ കഥകള്‍’ ബാല്യത്തിന്റെ വായനയില്‍ പ്രചോദനമേകിയിരുന്നു. മുതിര്‍ന്നപ്പോള്‍ ബൈബിള്‍ എത്രവട്ടം വായിച്ചിട്ടുണ്ട് എന്നോര്‍മയില്ല.
ഇപ്പോഴും ചില ആശയങ്ങള്‍ക്കായി വായിക്കാറുണ്ട്. നിത്യ ചൈതന്യയതിയുടെ ക്രിസ്തുദര്‍ശനം വഴികാട്ടിയായി. ബൈബിള്‍ മാത്രമല്ല, പുരാണേതിഹാസങ്ങളും ഭഗവത്ഗീതയും ഖുര്‍ആനുമെല്ലാം വായിക്കാറുണ്ട്. ഹൈന്ദവാശയങ്ങളും ഖുര്‍ആന്‍ സൂക്തങ്ങളും ആധാരമാക്കി എത്രയെത്ര പാട്ടുകള്‍ രചിച്ചിട്ടുണ്ടെന്നോ?
പാട്ടെഴുതുമ്പോള്‍ സാര്‍വലൗകികമായ ആകാശത്തിന്റെ ചുവട്ടിലാണ് നമ്മള്. മഷി കടലിന്റേതാണ്. തൂലിക കാറ്റിന്റേതും കരയുടേതും. വാക്കുകള്‍ ആയുസിന്റെ സംഭാവനയും.
എസ്.പി. ബാലസുബ്രഹ്മണ്യം പാടിയ പ്രശസ്തമായ ക്രിസ്തീയഗാനമില്ലേ? അതേക്കുറിച്ച്...
സാധാരണക്കാര്‍ക്ക് ആര്‍ത്തുതുള്ളി പാടാന്‍ കഴിയുന്ന ട്യൂണാണ് കിട്ടിയത്. "എന്റെ അടുത്തു നില്ക്കുവാനേശുവുണ്ടേ, എല്ലാരും വരുവിന്‍...’ എന്നെഴുതി. തെലുങ്കിലും തമിഴിലും കന്നടയിലുമൊക്കെ ഗാനം പോപ്പുലറായി.
എന്റെ രചനയുടെ മെച്ചംകൊണ്ടല്ല, എസ്.പി.ബിയുടെ ആലാപനമൂല്യം അത്ര വലുതായിരുന്നു, ഏതു ഭാഷയിലും. ചലച്ചിത്ര രംഗത്ത് (അനശ്വരം എന്ന സിനിമ) എന്റെ ഗാനരചനാനുഭവത്തില് "താരാപഥം, ചേതോഹരം...’ എന്ന എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ച അദ്ദേഹത്തെ ആരാധിക്കാതെവയ്യ. താരാപഥത്തിനു സംഗീതം നല്കിയ ഇളയരാജയും എസ്.പി.ബിയോടൊപ്പം പാടിയ കെ.എസ്. ചിത്രയും എത്രവലിയ സംഗീത പ്രതിഭകള്‍.
അവര്‍ക്ക് കൂപ്പുകൈ. വചനം ഗാനസമാഹാരത്തിന്റെ പ്രാരംഭത്തില്‍ മന്ത്രവിശുദ്ധിയുള്ള വിരുത്തംപോലെ നാലുവരികളുണ്ട്. ആലപിച്ചത് ഇളയരാജയാണ്. അത് എഴുതാനും എനിക്കാണ് നിയോഗമുണ്ടായത്. കാലം സാക്ഷി, എല്ലാം സംഭവിക്കുകയാണ്. നല്ലതിനായിരിക്കട്ടെ എല്ലാം.
ഗാനരചനയില്‍ മാതൃകയുണ്ടോ? ഉണ്ടെങ്കില്‍ ആരൊക്കെ?
മാതൃകയുണ്ട്. ആദ്യമാതൃക നാട്ടിലെ വയല്പണിക്കാരുടെ വായ്പാട്ട്. പിന്നെ മാതൃകയായി മനസില്‍ പ്രവേശിച്ചത് വയലാര്‍ രാമവര്‍മ. ജ്ഞാനവും ദര്‍ശനവും പാരമ്പര്യവും വിപ്ലവവും ഭക്തിയും പ്രേമവും മാനവബന്ധങ്ങളും ദുഃഖവും ശാസ്ത്രവും ഒരായിരം ചോദ്യശരങ്ങളും നിറച്ച ആ പാട്ടിന്റെ രചനാവഴിയില്‍ സ്തംഭിച്ചുനില്‍ക്കുന്ന വിദ്യാര്‍ഥിയാണ് ഞാന്‍. വയലാറിന്റെ ഓരോ പാട്ടും എനിക്ക് മാതൃകയും പാഠവും ജ്ഞാനവുമാണ്. അതുപോലെ എഴുതാനാവുകയില്ലെന്നറിയാം.
എങ്കിലും ഗാനത്തിന്റെ ഹിമഗിരിയില്നിന്ന് എനിക്കൊരു തുഷാരബിന്ദു മതി. "പ്രളയ പയോധിയില്‍ മയങ്ങിയുണര്‍ന്നൊരു പ്രഭാമയൂഖമേ,...കാലമേ....’ വന്ദനം...വന്ദനം. പി. ഭാസ്കരനും ഒഎന്‍വിയും യൂസഫലിയും മങ്കൊമ്പു ഗോപാലകൃഷ്ണനും പൂവ്വച്ചലും ആദരിക്കപ്പെടേണ്ടവരായി എന്റെ മനസിലുണ്ട്.
വയലാറിനെ ആദ്യമായി കണ്ടതെപ്പോഴാണ്?
ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം. പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പഞ്ചായത്തില്‍ അങ്ങാടിക്കല്‍ എസ്എന്‍വി ഹൈസ്കൂളിന്റെ ഗംഭീര വാര്‍ഷിക സമ്മേളനം. നോട്ടീസില്‍ വയലാര്‍ രാമവര്‍മ എന്ന് പേരു കണ്ടു. പക്ഷേ, അതിഥികള്‍ വന്ന അംബാസഡര്‍ കാറില്‍ വയലാറില്ല.
സംഘാടകര്‍ പറഞ്ഞ സമയത്ത് വയലാറിന് എത്താനായില്ല. കൊല്ലത്തുനിന്ന് കാമ്പിശേരിയും ജി. വിവേകാനന്ദനും കെ. ബാലകൃഷ്ണനുമൊക്കെ വരുന്ന കാറില്‍ അടൂരില്‍വച്ച് വയലാര്‍ രാമവര്‍മ കയറുമെന്നായിരുന്നത്രേ ധാരണ.
എന്തോ കാരണവശാല്‍ വയലാര്‍ വൈകി. മറ്റുള്ളവരെത്തി. പൊതുസമ്മേളനം തുടങ്ങി. വാക്കുകള്‍ തീപ്പൊരികളായി. മുറ്റത്തെ പന്തലില്‍ നിറഞ്ഞുകവിഞ്ഞ സദസ് ഇളകിമറിഞ്ഞു. പ്രസംഗങ്ങള്‍ തീര്‍ന്നു. കൃതജ്ഞതകൂടി കഴിഞ്ഞാല്‍ സമ്മേളനം അവസാനിക്കും. പിന്നെ കലാപരിപാടി.
ഗേറ്റിലെ വോളണ്ടിയര്‍ ഡ്യൂട്ടിയില്‍ ഞങ്ങള്‍ കുട്ടികളെ നിയോഗിച്ചിട്ടുണ്ട്. നടന്നുക്ഷീണിച്ച് അപരിചിതനായ ഒരാള്‍ ഗേറ്റില്‍ വന്നു. കാലില്‍ ചെളിയുണ്ട്. വഴി ചോദിച്ചറിഞ്ഞ് പാടത്തിന്റെ വരമ്പിലൂടെ നടന്നുവരികയാണത്രേ. "എവിടെ കിണര്‍ ? വെള്ളം കിട്ടിയാല്‍ കാലൊന്നു കഴുകാമായിരുന്നു’. ഞാന്‍ കിണറിന്റെ അടുത്തേക്ക് ആഗതനെ കൂട്ടിക്കൊണ്ടുപോയി. വെള്ളം കോരി കാലിലൊഴിച്ചുകൊടുത്തു. അദ്ദേഹം മുഖവും കാലും കഴുകി.
"ഇനി കുട്ടി പോയി വേദിയിലുള്ളവരോടു പറയണം.... വയലാര്‍ രാമവര്‍മ വന്നിട്ടുണ്ട്. വേഗം പോയി പറയുക!’ എന്റെ ശരീരത്തില്‍ ഒരു മിന്നല്‍ പാഞ്ഞു. സാക്ഷാല്‍ വയലാര്‍ രാമവര്‍മ!. ഒറ്റയോട്ടത്തിനു ഞാന്‍ സമ്മേളന വേദിക്കു പുറകിലെത്തി അധ്യാപകനോടു വാര്‍ത്തയറിയിച്ചു:
"വയലാര്‍ രാമവര്‍മ വന്നിട്ടുണ്ട്!' എന്റെ ശ്വാസം നേരേയായി!
"എവിടെ.....? എവിടെ....?' സദസിളകി. അധ്യാപകരുടെ സംഘം കല്പടവിറങ്ങി ഗേറ്റില്വന്ന് വയലാറിനെ എതിരേറ്റു. അവസാനിക്കാറായ സമ്മേളനവേദിയില്‍ വാക്കുകളുടെ പെരുമഴ ഒന്നൊന്നര മണിക്കൂര്‍ നേരം പിന്നെ അദ്ഭുതം പെയ്യിച്ചു. ഭാഷയുടെ മാസ്മരിക പ്രവാഹം! ഞാന്‍ കേട്ട അത്യുജ്വലമായ ആ പ്രസംഗത്തിന്റെ അലയൊലി ഇന്നും മാഞ്ഞിട്ടില്ല.
പി.കെ. ഗോപിയുടെ പ്രശസ്തമായ ഭക്തിഗാനങ്ങള്‍
1. "രക്ഷകാ എന്റെ പാപഭാരമെല്ലാം
നീക്കണേ...’
2. "കാല്‍വരിക്കുന്നിലെ കാരുണ്യമേ...’
3. "അത്യുന്നതങ്ങളില്‍ ദൈവമഹത്വം...’
4. "ഒരിക്കല്‍ യേശുദേവന്
ഗലീലിക്കടല്ത്തിരയില്...’
5. "ഘോരമരുഭൂവില് യേശുതണലായി...’
6. "ബലിയായി തിരുമുമ്പില്‍ നല്കാന്...’
7. "ആശാദീപം കാണുന്നു ഞാന്‍...’
8. "സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ
വാഴ്ത്തുന്നു...’
9. "മഹിതമാം വഴിയിലെ തിരുസഭാപഥികരെ...’
10. "മരക്കുരിശില്‍ പിടഞ്ഞുകരയും...’
11. "കടലേഴും പാടി , ഇതാ ദേവാധിദേവന്...’
12. "ഇതാ മനുഷ്യന്.. കണ്ടാലും...’
13. "ഗാഗുല്ത്തയില് വീണ
കണ്ണീര്‍ക്കണങ്ങളില്‍...’
14. "ഇടയന്റെ പുല്ലാങ്കുഴല്‍ വിളി...’
15. "മുറ്റത്തെ മാലാഖക്കുഞ്ഞു പക്ഷീ...’
എം. ജയതിലകൻ
Tags : sunday